ചാലക്കുടി: കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചതോടെ വർഷങ്ങളായി നിലനിൽക്കുന്ന ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് വിഷയം വഴിത്തിരിവിലേക്ക്. നിർമ്മാണ പ്രവർത്തനം പൂർത്തിയായി കിടക്കുന്ന ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിയാത്തത് ഭരണപക്ഷത്ത് നിലനിൽക്കുന്ന പടപ്പിണക്കം കൊണ്ടാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിനെതിരെ അവർ പൊതുജനങ്ങളിൽ നിന്നും പാർട്ടി ഒപ്പുശേഖരണവും തുടങ്ങി.
യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നിർമ്മാണം പൂർത്തീകരിച്ച പ്രസ്തുത സ്റ്റാൻഡ് അന്ന് ഉദ്ഘാടനം നടക്കാനിരിക്കെ എൽ.ഡി.എഫുകാരാണ് തടസം നിന്നതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പടുത്തി. പ്രധാന വഴിയിൽ നിന്നും സ്റ്റാൻഡിലേക്ക് കടക്കുന്ന റോഡിന് വീതി പോരെന്ന അനാവശ്യ കാരണമായിരുന്നു ചില സ്വകാര്യ ബസുകൾ തടസത്തിനായി ഉന്നയിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സി.പി.എമ്മിലെ ഒരു നേതാവാണെന്നും ഇതേ കാരണണത്തിൽ തട്ടിയാണ് ഇപ്പോഴും സ്റ്റാൻഡ് അനിശ്ചിതാവസ്ഥയിൽ കിടക്കുന്നതെന്നുമാണ് ആരോപണം.
എന്നാൽ രണ്ടു മാസത്തിനകം സ്റ്റാൻഡ് തുറന്നു കൊടുക്കുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അറിയിച്ചു. കോൺഗ്രസിലെ ചില നേതാക്കളാണ് സ്റ്റാൻഡിന്റെ ഉദ്ഘാടനത്തിന് തടസമാകുന്നതെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പറയുന്നു. ചില സി.പി.എം - സി.പി.ഐ കൗൺസിലർമാരും ഇവർക്കൊപ്പമുണ്ടെന്നാണ് രഹസ്യവിവരം.
കോൺഗ്രസിന് ഇരട്ടത്താപ്പ്
ഭരണപക്ഷത്തിനെതിരെയുള്ള നീക്കങ്ങളെല്ലാം ഇതുവരെ രഹസ്യമായിരുന്നു. കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണ്. ഭരണമുന്നണിയിലെ ഒരു വിഭാഗത്തെ മറ്റു കാര്യങ്ങൾ ധരിപ്പിച്ച് സ്റ്റാൻഡ് പ്രശ്‌നത്തിൽ കോൺഗ്രസ് കൂടെ നിറുത്തുകയായിരുന്നു.
- വിൽസൺ പാണാട്ടുപറമ്പിൽ, വൈസ് ചെയർമാൻ
സ്റ്റാൻഡും വിവാദവും
ബസ് സ്റ്റാൻഡ് പൂർത്തിയാക്കിയത് കഴിഞ്ഞ യു.ഡി.എഫ് കാലത്ത്
സ്റ്റാൻഡിലേക്കുള്ള റോഡിന് വീതിയില്ലെന്ന കാരണം തടസവാദം
അന്ന് തടസവാദം ഉന്നയിച്ചത് ബസുകാർ, പിന്നിൽ സി.പി.എം ?
സ്റ്റാൻഡിന്റെ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയും റോഡ് തന്നെ
ഉദ്ഘാടനത്തിന് തടസം ഭരണപക്ഷത്തെ പിണക്കമെന്ന് കോൺ.
രണ്ടു മാസത്തിനകം സ്റ്റാൻഡ് തുറക്കുമെന്ന് ചെയർപേഴ്സൺ