തൃശൂർ: ഭിന്നശേഷിക്കാർക്ക് സഹായത്തിനായി അസിസ്റ്റീവ് ഡിവൈസ് പോളിസി കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ. ശൈലജ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള സാമൂഹിക സുരക്ഷ മിഷൻ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സഹായ ഉപകരണ പ്രദർശനം 'അവസരങ്ങളുടെ ആഘോഷം' സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോരുത്തരുടെയും പരിമിതികൾ മനസിലാക്കി അവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സഹായ ഉപകരണങ്ങൾ ലഭ്യമാക്കും. അസിസ്റ്റീവ് ഡിവൈസ് പോളിസി വരുന്നതിലൂടെ ഈ രംഗത്തു വേണ്ട പഠനം നടത്തും. ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് മികച്ച സ്റ്റാളിനുള്ള പുരസ്‌കാര വിതരണം നടത്തി. ഭിന്നശേഷി പരിമിതികൾ കടന്ന് വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച കേരള സെൻട്രൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാം പ്രസാദ്, സിനിമാ നിരൂപകൻ പരേഷ് പലിച്ച, എറണാകുളം യു.ഡി.എ.എ.ടി അംഗം സോന ജോസ്, കാർട്ടൂണിസ്റ്റ് അഞ്ജയൻ സതീഷ്, എഴുത്തുകാരി നേഹ തമ്പാൻ, ഇന്ത്യൻ ഗ്ലാസ് ലേഡി എന്നറിപ്പെടുന്ന ധന്യ രവി എന്നിവർക്ക് മന്ത്രി പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി കെ. പി. ജോയ് വിഷയാവതരണം നടത്തി. എസ്. ഐ. ഡി. തിരുവനന്തപുരം എം. പി. മുജീബ് റഹ്മാൻ മോഡറേറ്ററായി. പരിവാർ സ്റ്റേറ്റ് ഡയറക്ടർ പി. ഡി. ഫ്രാൻസിസ്, അംഹ സെക്രട്ടറി ഡോ.പി.ഭാനുമതി, ഓട്ടിസം സൊസൈറ്റി പ്രസിഡന്റ് എ. എസ്. രവി, ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി. ആർ. മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.