ചേലക്കര: സി.എച്ച്.സി ആയിരുന്ന ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് താലൂക്ക് ആശുപത്രിയായി 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുന്നതിനിടെ ഏതെങ്കിലും ഡോക്ടർക്കെതിരെയുള്ള ആരോപണം ആശുപത്രിയുടെ പ്രവർത്തനം മുഴുവൻ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലാണെന്ന് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ചികിത്സാ നിഷേധം, ചികിത്സാ പിഴവ്, ഞായറാഴ്ചകളിൽ ആംബുലൻസ് സേവനം ലഭ്യമല്ല, പാർക്കിംഗ് അനുവദിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതിനു പിന്നിലുള്ള ആരും എച്ച്.എം.സിയെയോ, ബ്ലോക്ക് പഞ്ചായത്തിലോ രേഖാമൂലം പരാതി നൽകിയില്ല. ആശുപത്രി സൂപ്രണ്ടിന്റെ നടപടിയിൽ ആക്ഷേപമുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ആംബുലൻസ് ഡ്രൈവർക്ക് ആഴ്ചയിലൊരിക്കൽ ഓഫ് നൽകുന്ന സമയം പകരം സംവിധാനമൊരുക്കും. ദിനംപ്രതി തിരക്കേറുന്നതിനാൽ കോമ്പൗണ്ടിൽ വാഹന പാർക്കിംഗിന് നിയന്ത്രണമുണ്ട്. അധികാരമുള്ളവർക്കല്ലാതെ ആശുപത്രിയിൽ ഫോട്ടോ, വീഡിയോ പകർത്തുന്നത് അനുവദിക്കാനാകില്ല. വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ എച്ച്.എം.സി പരിശോധിച്ച് സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.തങ്കമ്മ, വത്സല ശിവദാസ്, സുമിത്ര ഉണ്ണികൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.