അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വനം പാർപ്പിട പദ്ധതി ശിലാസ്ഥാപനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
മാള: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ച് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വീട് നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും സാന്ത്വനമേകാൻ കഴിയുന്ന കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടി കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വനം പാർപ്പിട പദ്ധതി ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സുരേഷ് വേണുക്കുട്ടന്റെ കുടുംബമാണ് ഈ പദ്ധതിക്കായി 24 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി., ബി.ഡി. ദേവസി എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. നടൻ സാദിഖ്, ഊർമിള ഉണ്ണി, ഫിലിം ചേംബർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ശശി അയ്യൻചിറ തുടങ്ങിവർ പങ്കെടുത്തു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.ആർ. സുമേഷ്, അഡ്വ.നിർമ്മൽ സി.പാത്താടൻ, കെ.ആർ. അജയൻ, കെ.എം സലീം, വിധു എ മേനോൻ തുടങ്ങിയവർ സംസാരിച്ചു.