തൃശൂർ: കുതിരാൻ ദേശീയപാതയിലെ അറ്റകുറ്റപ്പണി നോച്ച് ഇന്ത്യ പ്രോജക്ട് എന്ന കമ്പനി നടത്തും. ടെൻഡർ നടപടി പൂർത്തിയായി. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ദേശീയപാതയിലെ കുഴികൾ ശാസ്ത്രീയമായി അടയ്ക്കുക, വഴുക്കുമ്പാറ മുതൽ കൊമ്പഴ വരെ പൂർണമായും ടാറിടുക എന്നീ പ്രവൃത്തികൾക്കാണ് ടെൻഡർ. ദേശീയപാത അതോറിറ്റി തുക നൽകും. നിർമ്മാണ കമ്പനിയായ കെ.എം.സിയിൽ നിന്നും ദേശീയപാത അതോറിറ്റി ഈ തുക ഈടാക്കും. നിലവിൽ വടക്കഞ്ചേരി വാളയാർ ദേശീയപാത നിർമ്മാണം ഏറ്റെടുത്ത കെ.എൻ.ആർ.സി കമ്പനി കെ.എം.സിക്കായി റോഡിലെ കുഴികൾ അടച്ചുതുടങ്ങിയിട്ടുണ്ട്. വാളയാറിലുള്ള കോൺക്രീറ്റ് മിക്‌സിംഗ് പ്ലാന്റിൽ നിന്നും മിശ്രിതം എത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിനു മുകളിലൂടെയായിരിക്കും കുതിരാൻ മേഖലയിൽ പൂർണമായും ടാറിടുക. അടിയന്തരമായി അറ്റകുറ്റപ്പണി ആരംഭിക്കാനാണ് കമ്പനിക്ക് ദേശീയപാത അധികൃതർ നൽകിയിട്ടുള്ള നിർദ്ദേശം.
അറ്റകുറ്റപ്പണികൾക്കായി ടെൻഡർ എടുത്ത കമ്പനി പണി ആരംഭിക്കുന്നതിന് മുമ്പുതന്നെ ദേശീയപാതയിലെ കുഴികൾ മുഴുവൻ നികത്തിക്കൊടുക്കാം എന്നായിരുന്നു നിർമ്മാണക്കമ്പനി ദേശീയപാത അധികൃതർക്ക് നൽകിയ ഉറപ്പ്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും വടക്കുഞ്ചേരിയിലെ രണ്ടിടത്തെ കുഴികൾ മാത്രമാണ് നിർമ്മാണക്കമ്പനി ക്വാറിവേസ്റ്റ് ഉപയോഗിച്ച് മൂടിയത്..