exisee

തൃശൂർ: കഞ്ചാവ് കേസിലെ പ്രതി എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പ്രിവന്റീവ് ഓഫിസർമാരായ അബ്ദുൽ ജബ്ബാർ, അനൂപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ നിധിൻ മാധവ് എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. മലപ്പുറം തിരൂർ കൈമലശേരി തൃപ്പംകോട് കരുമത്തിൽ രഞ്ജിത് കുമാറാണ് (40) മരിച്ചത്.

ഇക്കഴിഞ്ഞ ഒന്നിന് വൈകിട്ടായിരുന്നു സംഭവം.

മർദ്ദനമേറ്റാണ് രഞ്ജിത്ത് മരിച്ചതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ഒളിവിൽ പോയിരുന്നു. കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് ഇവർ മൂന്ന് പേരും തിങ്കളാഴ്ച വൈകിട്ട് ഗുരുവായൂർ എ.സി.പി ബിജു ഭാസ്കർ മുമ്പാകെ ഹാജരായത്.പ്രതികളുമായി അന്വേഷണ സംഘം പൂവത്തൂരിലെ കള്ള്ഷാപ്പ് കോൺട്രാക്ടറുടെ ഗോഡൗണിലും പാവറട്ടിയിലെ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി. ഗോഡൗണിലെയും ആശുപത്രിയിലെയും ജീവനക്കാർ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചയോടെ കേസിലെ മറ്റു പ്രതികളും പ്രിവന്റീവ് ഓഫീസർമാരുമായ മഹേഷ്,​സ്മിതൻ എന്നിവരും കീഴടങ്ങിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

 കൃത്യമായ ഉത്തരമില്ല

പൂവത്തൂരിലെ കള്ള്ഷാപ്പ് ഗോഡൗണിൽ രഞ്ജിത്തിനെ കൊണ്ടുപോയത് എന്തിനാണെന്നായിരുന്നു പ്രതികളായ ഉദ്യോഗസ്ഥരോട് പൊലീസിന്റെ പ്രധാന ചോദ്യം. കഞ്ചാവ് കണ്ടെടുക്കാനാണെന്നായിരുന്നു മറുപടി. അതാണ് ലക്ഷ്യമെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് ഉത്തരം മുട്ടി. മർദ്ദിച്ചിട്ടില്ലെന്നും നിരപരാധികളാണെന്നും ആദ്യം മൊഴി നൽകിയപ്പോഴായിരുന്നു പൊലീസിന്റെ ചോദ്യം. രഞ്ജിത്തിനെ ക്രൂരമായി മർദ്ദിച്ചത് മൂന്ന് പേരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാളുടെ ഇടിയിലാണ് രഞ്ജിത്ത് തലയടിച്ച് വീണത്. ഡ്രൈവർ ശ്രീജിത്തിനെ പ്രതി ചേർക്കണോയെന്ന കാര്യം ഒടുവിൽ തീരുമാനിക്കും. കാൻസർ രോഗ ബാധിതനായ ശ്രീജിത്ത് അടുത്തിടെയാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. മലാശയ കാൻസർ ബാധിച്ച ശ്രീജിത്ത്,​ ശരീരത്തോട് പ്രത്യേക ബാഗ് ചേർത്ത് കെട്ടിയാണ് ഡ്യൂട്ടി ചെയ്യുന്നത്.