ചാലക്കുടി: കൊല്ലുന്നതിന് മുമ്പുള്ള കൊല്ലാക്കൊലയിൽ നീറിയുരുകകയാണ് മിണ്ടാപ്രാണികൾ. കണ്ണുകളിൽ പച്ചമുളക് അരച്ചു തേച്ചതിനെ തുടർന്നാണ് ഉരുവിന്റെ കണ്ണീർ ധാരയായി ഒഴുകുന്നത്. തമിഴ്‌നാട്ടിൽ നിന്നും ലോറിയിൽ ചാലക്കുടി ചന്തയിൽ എത്തിച്ചയാൾ തന്നെ സമീപത്തെ ഒരാളോട് പറഞ്ഞതാണ് കണ്ണിൽചോരയില്ലാത്ത ഈ രഹസ്യപ്രവൃത്തി.
ലോറിയിൽ കയറ്റിവിടുന്ന ഉരുക്കളിൽ ഒന്നുപോലും ചത്തുപോകാതിരിക്കാനുള്ള സൂത്രവിദ്യയാണിതത്രെ. ഇരുപതെണ്ണത്തിനെ കയറ്റിക്കൊണ്ടുവരാൻ മാത്രം സൗകര്യമുള്ള ലോറിയിൽ കുത്തിനിറക്കുന്ന ഉരുക്കളുടെ എണ്ണം മുപ്പതും അതിലധികവുമാകും. ഒരു ട്രിപ്പിൽ കൂടുതൽ എണ്ണത്തെ കയറ്റാൻ കഴിയുന്നതും ലോറി തിങ്ങിനിറയുന്നതിനാൽ ഒന്നിനുപോലും യാത്രയ്ക്കിടെ കിടക്കാൻ കഴിയാത്തതും ഏജന്റുമാർക്ക് നേട്ടമാകുന്നു.
ഏതെങ്കിലുമൊന്നു കിടന്നുപോയാൽ മറ്റുളളവയുടെ ചവിട്ടേറ്റ് ജീവൻ നഷ്ടപ്പെടുമെന്ന കണ്ടെത്തലിനെ തുടർന്നാണ് മുളക് തേക്കൽ പ്രവൃത്തി നടത്തുന്നത്. യാത്രയ്ക്കിടെ കിടക്കാൻ സാദ്ധ്യതയുള്ളവയെ കണ്ടെത്തി കണ്ണിൽ പച്ചമുളക് അരച്ചു തേയ്ക്കുകയാണ് പതിവ്. അസഹ്യമായ നീറ്റലുള്ളതിനാൽ ഇവ മണിക്കൂറുകളോളം നിൽപ്പ് തുടരും. ഈ പ്രയോഗത്തിന് വിധേയമായ കുന്നുകാലി ഒരു ദിവത്തോളം നിന്നനിൽപ്പു തുടരുമെന്നാണ് ഇവരുടെ അനുഭവം.
അറവുകാരന്റെ കത്തിയിൽ ജീവൻ പിടയുന്നതു വരെ ഇവയ്ക്ക് ഇങ്ങനെ നിന്നു കണ്ണീർ വാർക്കാനാണ് വിധി. ദിനംപ്രതി സംഭവിക്കുന്ന ഈ കൊടുംക്രൂരത നിർബാധം തുടരുകയാണ്. ഇത്തരം ഹീനപ്രവൃത്തികളുടെ ബാക്കിപത്രമാണ് തീൻമേശകളിൽ നിരക്കുന്ന ഇറച്ചിക്കറിയെന്നും മറ്റും ആരും ചിന്തിക്കാറുമില്ല.