കയ്പ്പമംഗലം: പെരിഞ്ഞനം ആറാട്ടുകടവിൽ അവധി ആഘോഷിക്കാനെത്തി കടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാട്ടൂർ ദുബായ് മൂല കുരുതുകുളങ്ങര പീറ്റർ - ദീപ ദമ്പതികളുടെ മകൻ ആൽസൺ (14), കുരുതുകുളങ്ങര ജോഷി - ഷീജ ദമ്പതികളുടെ മകൻ ഡെൽവിൻ (13) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ആറോടെ കണ്ടെത്തിയത്. ഡെൽവിന്റെ മൃതദേഹം കഴിമ്പ്രം ബീച്ചിലും, ആൽസണിന്റെ മൃതദേഹം കരയാംവട്ടം ബീച്ചിലുമാണ് കരയ്ക്കടിഞ്ഞത്.
കാട്ടൂർ ഫാത്തിമ മാതാ പള്ളി സെമിനാരി അൾത്താര ബോയ്‌സും വിദ്യാർത്ഥികളും മുതിർന്നവരുമടങ്ങുന്ന പത്തംഗസംഘം സൈക്കിളിലാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30ഓടെ കടപ്പുറത്തെത്തിയത്. കുട്ടികൾ ചേർന്ന് ഫുട്ബാൾ കളിക്കുന്നതിനിടെ കടലിൽ പോയ ബാൾ എടുക്കാനിറങ്ങിയ മൂന്നു പേരാണ് തിരയിൽപെട്ടത്. അപകടത്തിൽപ്പെട്ട ചിറ്റിലപ്പിള്ളി ഡേവിസിന്റെ മകൻ ഡെൽവിനെ (13) ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ഡെൽവിൻ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്.
കാണാതായവർക്കായി കോസ്റ്റൽ പൊലീസും കയ്പ്പമംഗലം പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. സഹോദരന്മാരുടെ മക്കളായ ആൽസൺ ഇരിങ്ങാലക്കുട നാഷണൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും ഡെൽവിൻ കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലേക്കു മാറ്റി. ഇരുവരുടെയും സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കാട്ടൂർ മണ്ണൂകാട് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. ആൽസന്റെ സഹോദരൻ: അൻവിൻ. ജെസ്വിൻ, ഷെൽവിൻ എന്നിവരാണ് ഡെൽവിന്റെ സഹോദരങ്ങൾ.