മാദ്ധ്യമങ്ങൾക്കെതിരെയും പരാമർശം
തൃശൂർ: കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിലെ പിന്നാമ്പുറ കഥകൾ പുറത്തുകൊണ്ടുവന്ന മാദ്ധ്യമങ്ങൾക്ക് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് കൂട്ടായ്മയിൽ വിമർശനം. ഒപ്പം, മരിച്ച മലപ്പുറം സ്വദേശി രഞ്ജിത്ത് മരിക്കേണ്ടവൻ തന്നെയാണെന്ന കുറ്റപ്പെടുത്തലും. ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സൗഹൃദം വാട്സ് ആപ് ഗ്രൂപ്പിലാണ് പരാമർശം.
''മരിക്കേണ്ടവൻ തന്നെയാണ്. ദൈവം നിശ്ചയിച്ച സമയം നമ്മുടെ കസ്റ്റഡിയിലായിപ്പോയി. നമ്മുടെ സഹപ്രവർത്തകർക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം, സഹകരിക്കാം എന്നാണ് തൃശൂർ റേഞ്ചിലെ ഒരു ഉദ്യോഗസ്ഥന്റെ കമന്റ്''. ഏഴ് കേസുകളിൽ പ്രതിയായ ഈ ഉദ്യോഗസ്ഥൻ മൂന്ന് തവണ ജയിൽ വാസം അനുഭവിച്ചയാളും ഭരണപക്ഷ സംഘടനയിൽപെട്ടയാളുമാണ്. ഏതൊരു പ്രതിയെ പിടിക്കുമ്പോഴും അവർ എതിർക്കുകയും ഓടാൻ ശ്രമിക്കുകയും വീഴുമ്പോൾ പരിക്കേൽക്കുകയും ചെയ്യും. അതിനിടയിൽ സംഭവിച്ച മുറിവുകളായിരിക്കാം മരിച്ച രഞ്ജിത്തിന്റെ ദേഹത്ത് കണ്ടത്. അത് സ്ഥിരീകരിക്കാൻ സഹപ്രവർത്തകർക്കാകട്ടെയെന്ന കമന്റും ഈ ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നാടിനും കുടുംബത്തിനും വേണ്ടാത്തവനെ പൊക്കി നടക്കുന്ന മാദ്ധ്യമങ്ങൾക്ക് സെൻസേഷണൽ ന്യൂസുകളാണ് ആവശ്യം. തൃശൂർ എക്‌സൈസ് കുടുംബം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാദ്ധ്യമ ശ്രദ്ധ വേറെ സംഭവങ്ങളിലേക്ക് തിരിയുന്നതുവരെ എല്ലാം നമ്മളിൽ തന്നെ ഒതുക്കി നിറുത്തണം. സഹപ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണമെന്നാണ് ഇരിങ്ങാലക്കുട റേഞ്ചേിലെ ഒരു ഉദ്യോഗസ്ഥന്റെ കമന്റ്. വിമർശിക്കുന്നവർ വിമർശിക്കട്ടേ, അവസാന നിമിഷം വരെ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്റെ കമന്റ്. ഒരുമിച്ച് നിൽക്കുന്നതു കൊണ്ടല്ലേ എല്ലാവരുടെയും പേരും അഡ്രസും പോയ വഴി സഹിതം പത്രത്തിൽ വന്നതെന്ന് ഇതിനെ കളിയാക്കി മറ്റൊരു ഉദ്യോഗസ്ഥനും കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
രഞ്ജിത്തിനെ മലപ്പുറം തിരൂരിൽ നിന്ന് പിടികൂടിയ ശേഷം ചാവക്കാട് പൂവത്തൂരിലെ കള്ള് ഷാപ്പ് കോൺട്രാക്ടറുടെ ഗോഡൗണിൽ കൊണ്ടുവന്ന് മർദ്ദിച്ചുവെന്നും സംഘത്തിലെ ഉദ്യോഗസ്ഥരുടെ പേരു വിവരവും ആദ്യം റിപോർട്ട് ചെയ്തത് കേരളകൗമുദിയായിരുന്നു.
കഞ്ചാവ് കുടിപ്പക
രഞ്ജിത്തിനെ ചൂണ്ടിക്കാട്ടിയത് തീരദേശമേഖലയിലെ പ്രധാന കഞ്ചാവ് വിൽപ്പനക്കാരൻ നിഷാദായിരുന്നു. രഞ്ജിത്തിനെ പിടികൂടുമ്പോൾ കഞ്ചാവൊന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. രഞ്ജിത്തിന്റെ ഫോണിൽ വന്ന ഒരു മെസേജിൽ പത്ത് കിലോ കഞ്ചാവിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് കണ്ടെടുക്കാനായിരുന്നു മർദ്ദനം. മൂന്ന് ഉദ്യോഗസ്ഥരാണ് മർദ്ദിച്ചത്. അവസാനമായി തലയ്ക്കേറ്റ മർദ്ദനത്തിനൊടുവിൽ രഞ്ജിത്ത് തളർന്നുവീണു. പെട്ടെന്ന് എഴുന്നേറ്റ് വെള്ളം ചോദിച്ചു. വെള്ളം കുടിച്ച ഉടൻ ബോധരഹിതനായെന്നാണ് സംഘത്തിലുണ്ടായിരുന്നവരുടെ മൊഴി.