ചെമ്മാപ്പിള്ളി : മഹാവിഷ്ണു ഭഗവാന്റെ അഞ്ചാമത്തെ അവതാരമായ വാമന മൂർത്തിയും ഏഴാമത്തെ അവതാരമായ ശ്രീരാമന്ദ്രനും സംഗമിച്ച അത്യപൂർവ്വതയുമായി ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിൽ ചിറ കെട്ടി. സീതാദേവിയെ വീണ്ടെടുക്കുവാൻ ലങ്കയിലേക്കു പേകുന്നതിനായി ശ്രീരാമനും സംഘവും കടലിനു കുറുകേ ചിറ ബന്ധിച്ചതിന്റെ സ്മരണയാണ് ഇവിടുത്തെ ചിറകെട്ടുത്സവം. തുലാവർഷ ജലം സംഭരിച്ച് കൃഷിക്ക് ഉപയോഗിക്കാനാണ് ചിറ കെട്ടുന്നത്. പ്രാദേശിക കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ ആഘോഷങ്ങൾ നടത്തി. തെയ്യം, കാവടിയാട്ടം, നാദസ്വരം, പഞ്ചവാദ്യം, ശിങ്കാരിമേളം, കുമ്മാട്ടി ഘോഷയാത്ര, ചിന്ത് പാട്ട്, കാളകളി, കെെകൊട്ടിക്കളി എന്നിവ അരങ്ങേറി. തൃപ്രയാർ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് തൃപ്രയാർ ക്ഷേത്രം മാനേജർ കൃഷ്ണൻ നമ്പൂതിരി, തന്ത്രി പത്മനാഭൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ പി.ആർ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഇ.പി. ഹരീഷ്, ടി.ജി. രതീഷ് , ടി.യു. അബ്ദുൾ കരീം, യു. വാസുദേവൻ, ഇ.പി. ഗിരീഷ് എന്നിവർ നേതൃത്വം നൽകി. സേതുബന്ധന വന്ദനം, വിവിധ സമുദായങ്ങളുെടെ വിഭവ സമർപ്പണം, അവകാശ വിതരണം എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു.