മാള: മാള മേഖലയിൽ ജലനിധി പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. പ്രധാന റോഡുകളെല്ലാം തകർത്താണ് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം ഓരോ പൈപ്പ് പൊട്ടലിലൂടെയും ദിവസവും പാഴാകുന്നത്. ജലനിധി കണക്കനുസരിച്ച് ഒരു ദിവസം ലക്ഷം രൂപയുടെയെങ്കിലും ശുദ്ധജലം ഇത്തരത്തിൽ പാഴാകുന്നുണ്ട്.

വെള്ളം പാഴാകുന്നതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അധികൃതരെ അറിയിക്കുന്നത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതികളിൽ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. മാള ടൗണിൽ ബസ് സ്റ്റാൻഡിന് മുന്നിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. നിരവധി തവണ പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. പൊലീസ് സ്റ്റേഷന് മുന്നിൽ ദിവസങ്ങൾക്ക് ശേഷം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും തകർന്നു. ഇവിടേയും കുടിവെള്ളം റോഡ് തകർത്ത് ഒഴുകുകയാണ്. പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നതിനൊപ്പം റോഡുകൾ തകർന്ന് ഗർത്തങ്ങളാവുകയാണ്. ഇത്തരത്തിൽ മാളയിലും വിവിധ പഞ്ചായത്തുകളിലുമായി നൂറോളം സ്ഥലങ്ങളിലാണ് വലുതും ചെറുതുമായി പൈപ്പുകൾ തകർന്നിരിക്കുന്നത്.