കൊടുങ്ങല്ലൂർ: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കാട്ടിൽ തള്ളിയ ഒഡിഷക്കാരൻ അറസ്റ്റിൽ. ഒഡിഷ ഗംഗാപൂർ ലൊട്ടാപ്പിള്ളി സ്വദേശി ടൊഫാൻ മല്ലിക്കാണ് (20, ശിക്കാർ ടൊഫാൻ) അറസ്റ്റിലായത്. നാലു പ്രതികൾ ഒളിവിലാണ്. പി. വെമ്പല്ലൂർ ചന്ദനയ്‌ക്ക് സമീപം ബിജിത്താണ് കൊല്ലപ്പെട്ടത്. ഒഡിഷയിലെ സല്യാസാഹി ചേരിയിൽ നിന്നാണ് ടൊഫാൻ മല്ലിക്കിനെ മതിലകം അഡിഷണൽ എസ്.ഐ സൂരജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. മറ്റു പ്രതികൾക്കായി ഇവിടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സെപ്‌തംബർ 26ന് ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രതികളായ ടൊഫാൻ, നബ്ബ, സുശാന്ത് എന്നിവർ നിർമ്മാണ തൊഴിലാളികളാണ്. ഇവരുടെ സമീപവാസിയാണ് ബിജിത്ത്. സംഭവ ദിവസം ഉച്ചയോടെ ഇവർ താമസിക്കുന്ന മുറിയിലെത്തിയ ബിജിത്ത് ടൊഫാൻ മല്ലിക്കുമായി പണത്തിന്റെ പേരിൽ തർക്കമുണ്ടായി. തുടർന്ന് എല്ലാവരും ചേർന്ന് ബിജിത്തിനെ ആക്രമിച്ചു. ഇതിനിടെ ടൊഫാൻ മല്ലിക്ക് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ബിജിത്തിനെ കുത്തി. മറ്റൊരാൾ പലക കൊണ്ട് ബിജിത്തിനെ തലയ്ക്കടിച്ചുവീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ ബിജിത്ത് തത്ക്ഷണം മരിച്ചു. തുടർന്ന് കൈ കാലുകൾ കഴുത്തിനോട് ചേർത്ത് ശരീരം പന്തുപോലെ ചുരുട്ടി പുതപ്പിൽ പൊതിഞ്ഞു.
വൈകിട്ട് ജോലികഴിഞ്ഞെത്തിയ മറ്റ് രണ്ടു പേരും കൂടിച്ചേർന്ന് മൃതദേഹം സമീപത്തെ പുരയിടത്തിലെ തെങ്ങിനടിയിലെ കാട്ടിൽ തള്ളി. തുടർന്ന് പ്രതികൾ കൊടുങ്ങല്ലൂർ വഴി തൃശൂരിലെത്തി രാത്രി ട്രെയിനിൽ ഒഡിഷയിലേക്ക് മുങ്ങി.