ഗുരുവായൂർ: എക്സൈസ് കസ്റ്റഡിയിൽ കഞ്ചാവുമായി പിടിക്കപ്പെട്ട പ്രതി മർദ്ദനമേറ്റു മരിച്ച കേസിൽ മൂന്ന് എക്‌സെസ് ഉദ്യോഗസ്ഥരെ മുല്ലശ്ശേരിയിലുള്ള അബ്കാരി ഗോഡൗണിലും, ഗുരുവായൂരിലും എത്തിച്ച് പൊലീസ് തെളിവെടുത്തു. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്. കേസിൽ അന്വേഷണ വിധേയമായി സസ്‌പെൻഷനിലായിരുന്നു പ്രതികൾ. അഡീഷണൽ എക്‌സൈസ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്. അറസ്റ്റിലായവരെ കൂടാതെ സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.എം സ്മിബിൻ, എം.ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവർ വി.ബി ശ്രീജിത്ത് എന്നിവരെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർ ഒളിവിലാണ്. കേസിൽ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ അസി. പൊലീസ് കമ്മിഷണർ ബിജു ഭാസ്‌കർ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും എട്ട് ഉദ്യോഗസ്ഥരും പ്രതികരിച്ചിരുന്നില്ല. തുടർന്ന് എട്ടുപേരുടെയും വീടുകളിൽ പൊലീസ് നോട്ടീസ് പതിച്ചിരുന്നു. ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരൂർ സ്വദേശിയായ രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു മർദ്ദിച്ച് കൊലപ്പെടുത്തിയത്. പാവറട്ടി, മുല്ലശ്ശേരി കേന്ദ്രങ്ങളിൽ നിന്നും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. രഞ്ജിത്തുമായി പോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങളും ലഭ്യമായി. ഇതേത്തുടർന്നാണ് അറസ്റ്റ്. മരണപ്പെട്ട രഞ്ജിത്തിന്റെ ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അറസ്റ്റിലായ മൂന്നുപേരെ കോടതിയിൽ ഹാജരാക്കി പതിമൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.