കൊരട്ടി: പ്രസിദ്ധമായ കൊരട്ടിപ്പള്ളിയിലെ തിരുനാൾ ഒക്ടോബർ 12,13 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുനാളിന്റെ മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു. ബുധനാഴ്ച കൊടിയേറ്റവും വെള്ളിയാഴ്ച പൂവൻകുല സമർപ്പണവും നടക്കും. വൈകീട്ട് 4.30ന് വികാരി ഫാ. അബ്രഹാം ഓലിയപ്പുറത്ത് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.

ശനിയാഴ്ച പുലർച്ചെ മുത്തിയുടെ രൂപം എഴുന്നള്ളിച്ചു വയ്ക്കുന്നതോടെ തിരുനാളിലെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വിവിധ കുർബാനകൾ നടക്കും. വിവിധ ഭാഷകളിലും കുർബാനകൾ ഉണ്ടാകും. ഞായറാഴ്ച ആഘോഷമായ പാട്ടുകുർബ്ബാനകളും വൈകീട്ട് പ്രദക്ഷിണവും ഉണ്ടാകും. ഇക്കുറിയുടെ വെടിക്കെട്ട് ഒഴിവാക്കി ചൈനീസ് പടങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം ചെലവു ചുരുക്കലിൽ നിന്നും ലഭിക്കുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും.

പ്രളയത്തിൽ ഭവനരഹിതരായ മൂന്നു കുടുംബങ്ങൾക്ക് 34ലക്ഷം രൂപ ചെലവിൽ മൂന്നു വീടുകൾ വച്ചു നൽകിയെന്ന് സംഘാടകർ പറഞ്ഞു. കൊരട്ടി മുത്തിയുടെ പ്രധാന വഴിപാടായ പൂവൻകുലയ്ക്കായി ഇക്കുറി തമിഴ്‌നാട്ടിൽ നിന്നും 50 ടൺ കായകൾ എത്തിക്കും. പതിനായിരങ്ങൾ പങ്കാളികളാകുന്ന തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഭാരവാഹികൾ പറഞ്ഞു.

തിരുനാൾ ദിനങ്ങളിൽ ദീർഘദൂര ട്രെയിനുകൾ കൊരട്ടിയിൽ നിറുത്തുന്നതിന് നടപടികളായി. കെ.എസ്.ആർ.ടി.സി ബസുകളും പ്രത്യേക സർവീസ് നടത്തുമെന്നും സംഘാടകർ അറിയിച്ചു. കൈക്കാരന്മാരയ ബോണി ജോസഫ്, ജോയ് മറ്റത്തിൽ, വൈസ് ചെയർമാൻ ബെന്നി ജോസഫ് കൺവീനർ റിജോ റാഫേൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.