ചാലക്കുടി: മേലൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പുതുതായി സ്ഥാപിച്ച ബൾക്ക് മിൽക്ക് കൂളർ യൂണിറ്റ് ഈ മാസം പത്തിന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അിയിച്ചു. വൈകീട്ട് 5.30ന് നടക്കുന്ന യോഗത്തിൽ ബി.ഡി. ദേവസി എം,എൽ.എ അദ്ധ്യക്ഷനാകും. നിർദ്ധനർക്ക് പശുക്കളെ നൽകുന്ന പശുദാനം പദ്ധതി മിൽമ ചെയർമാൻ പി.എ. ബാലൻ നിർവഹിക്കും. മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് ജനറേറ്റർ സ്വിച്ച് ഓൺ കർമ്മവും ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ജോസഫ് തരിശുഭൂമിയിലെ തീറ്റപ്പുൽക്കൃഷി പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിക്കും.

മികച്ച ക്ഷീര കർഷകരെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു എന്നിവർ നിർവ്വഹിക്കും. മികച്ച സഹകാരിയായ ടി.കെ. ആദിത്യവർമ്മയെ മന്ത്രി ചടങ്ങിൽ ആദരിക്കും. ഇരുപത് ലക്ഷം രൂപ ചെലവിൽ മിൽമയാണ് സംഘത്തിന് യൂണിറ്റ് നൽകിയത്. പുതിയ ഭരണ സമിതി ഭരണം ഏറ്റെടുത്ത ശേഷം സംഘത്തിന് വലിയ മുന്നേറ്റം കൈവരിക്കാനായെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് വി.ഡി. തോമസ്, സെക്രട്ടറി മോളി ജോഷി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.