തൃപ്രയാർ: കുഞ്ഞുണ്ണി മാഷ് പ്രതിമയിൽ കവിയെക്കുറിച്ചുള്ള കാവ്യശകലവും ജനനവർഷവും രേഖപ്പെടുത്തി പാർശ്വഭാഗത്ത് സ്ഥാപിച്ചു. മാഷിന്റെ പേരും വിവരങ്ങളുമില്ലാതെ പ്രതിമ സ്ഥാപിച്ചതു സംബന്ധിച്ച് നേരത്തെ പരാതിയുയർന്നിരുന്നു. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്നെഴുതി കുഞ്ഞുണ്ണി മാഷിന്റെ പേരും ജനന മരണ വർഷങ്ങളുമാണ് പ്രതിമയിൽ എഴുതിയത്. പ്രതിമ അനാച്ഛാദനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, എം.എൽ.എ ഗീതാ ഗോപി, സ്മാരക സമിതി ഭാരവാഹികൾ എന്നിവരുടെ പേരുകളെഴുതിയ ഫലകം മാത്രമാണ് ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്നത്. ജനപ്രതിനിധികളുടെ പേരുകൾ എഴുതിവെച്ചതിൽ എതിർപ്പുകളുയർന്നു വന്ന സാഹചര്യത്തിലാണ് പുതിയ ഫലകം സ്ഥാപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സ്മാരക സമിതി അംഗം നേരത്തേ ഗീതാഗോപി എം.എൽ.എയ്ക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ പ്രതിമയുടെ മുൻവശത്ത് സ്വന്തം പേരുകൾ കൊത്തിയ ശിലാഫലകം മാറ്റാതെ പാർശ്വഭാഗത്താണ് കവിയുടെ പേരുവിവരങ്ങളടങ്ങിയ ചെറുഫലകം സ്ഥാപിച്ചത്. കുഞ്ഞുണ്ണി മാഷെ നിരന്തരമായി അവഹേളിക്കുകയാണ് ഇത്തരം നടപടികളിലൂടെയെന്ന് സാംസ്കാരിക പ്രവർത്തകർ ആരോപിക്കുന്നു..