വടക്കാഞ്ചേരി: ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ പതിനാലാം കലാമണ്ഡലം ഹൈദരാലി സംഗീതോത്സവം ഹൃദ്യാനുഭവമായി. മൃദംഗ കലാകാരൻ ഡോ. കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഥകളി സംഗീത ഗുരു മാടമ്പി സുബ്രമണ്യൻ നമ്പൂതിരി ഹൈദരാലി അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്റ് വി. മുരളി അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ജി. സത്യൻ സ്വാഗതവും കോ- ഓർഡിനേറ്റർ മനോജ് സങ്കീർത്തനം നന്ദിയും പറഞ്ഞു. സംഗീതോത്സവ പരിപാടികൾക്ക് പി. ശങ്കരനാരായണൻ, ലിസ്സി കോര, എ.എം. മഹേഷ്, എം. ശങ്കരനാരായണൻ, പി.കെ. സുബ്രമണ്യൻ എന്നിവർ നേതൃത്വം നൽകി.
മാടമ്പി സുബ്രമണ്യൻ നമ്പൂതിരിയും ശിഷ്യരായ കലാമണ്ഡലം ബാബു നമ്പൂതിരി, ഹരിഷ്, വിനോദ്, അജിഷ്, കൃഷ്ണകുമാർ എന്നിവർ ചേർന്നുള്ള കഥകളി പദത്തോടെയായിരുന്നു സംഗീതോത്സവത്തിന് തുടക്കമായത്. നിരവധി സംഗീത പ്രതിഭകൾ തുടർന്ന് സംഗീതാർച്ചന നടത്തി. ചെറുതുരുത്തി കോഴി മാം പറമ്പ് ക്ഷേത്രത്തിൽ രാവിലെ സംഗീതാർച്ചന, ലളിതാസഹസ്രനാമ സമൂഹ ആരാധന, അഷ്ട പതി എന്നിവക്കു ശേഷമായിരുന്നു എഴുത്തിനിരുത്ത്. ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നാരായണൻ എമ്പ്രാന്തിരി കുരുന്നുകൾക്ക് അക്ഷരം കുറിച്ചുനൽകി. തുടർന്ന് വാഹനപൂജ, പൂജയെടുപ്പ് എന്നിവയും നടന്നു.
നെടുമ്പുര കുലശ്ശേഖരനെല്ലൂർ ശിവക്ഷേത്രത്തിലും നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാനെത്തിയിരുന്നു. മിത്രാനന്ദപുരം ക്ഷേത്രം, ചെറുതുരുത്തി മാരിയമ്മൻ കോവിൽ എന്നിവിടങ്ങളിലും കാലത്തു മുതൽ തന്നെ വൻഭക്തജന തിരക്ക് അനുഭവപ്പെട്ടു. വടക്കാഞ്ചേരി മേഖലയിൽ മൂകാംബികാ സാന്നിദ്ധ്യമുണ്ടെന്നു വിശ്വസിക്കുന്ന ഊത്രാളികാവ് ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഡോ. സി. നീലകണ്ഠൻ, ഡി. പ്രകാശൻ തുടങ്ങിയവരായിരുന്നു എഴുത്തിനിരുത്തിന്റെ ആചാര്യന്മാർ. രാവിലെ പ്രത്യുഷ, പ്രത്യുവിക എന്നിവരുടെ തായമ്പക അരങ്ങേറി. ദേവസ്വം ഓഫീസർ വി. മുരളീധരൻ, ഉപദേശക സമിതി പ്രസിഡന്റ് പി.പി. സുരേഷ് കുമാർ, സെക്രട്ടറി വി. ശ്രീധരൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പാർളിക്കാട് വ്യാസ ഗിരി ദക്ഷിണാ മൂർത്തി ക്ഷേത്രത്തിൽ സന്യാസിശ്രേഷ്ഠ മാതാജി ശിവപ്രിയ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. നവരാത്രിയോട് അനുബന്ധിച്ച് നടന്നു വന്നിരുന്ന വിശേഷാൽ ചടങ്ങുകൾക്കും ഇന്ന് സമാപനമായി. വടക്കാഞ്ചേരി ടൗൺ മാരിയമ്മൻ കോവിലിൽ വിജയദശമി ദിനത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഒമ്പത് ദിനങ്ങളിലായി നടന്നു വന്നിരുന്ന കലാസാംസ്കാരിക പരിപാടികൾക്കും സമാപനമായി. രാവിലെ പൂജയെടുപ്പ്, എഴുത്തിനിരുത്ത് എന്നിവ നടന്നു. കെ. വിജയൻ മേനോൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി. കാലത്ത് മഞ്ജുഷ നമ്പീശന്റെ സംഗീതാർച്ചന നടന്നു. വടക്കാഞ്ചേരി കരുമരയ്ക്കാട് ശിവക്ഷേത്രത്തിൽ മേൽശാന്തി നന്ദൻ തിരുമേനി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി.