gvr-vidhyarambham
ക്ഷേത്രം ആധ്യാത്മിക ഹാളിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ എഴുത്തിനിരുത്തിയത് നൂറുകണക്കിന് കുട്ടികളെ. രാവിലെ ശീവേലിക്ക് ശേഷം കൂത്തമ്പലത്തിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ ക്ഷേത്രം ഓതിക്കൻ സരസ്വതി പൂജ നടത്തിയതിന് ശേഷമായിരുന്നു എഴുത്തിനിരുത്തൽ. കൂത്തമ്പലത്തിൽ നിന്നും ഗുരുവായൂരപ്പൻ, സരസ്വതി, ഗണപതി എന്നീ ദേവന്മാരുടെ ഛായാചിത്രങ്ങൾ വിദ്യാരംഭ മണ്ഡപത്തിലേക്ക് കുത്തുവിളക്കിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയിൽ എഴുന്നള്ളിച്ചു. തുടർന്നായിരുന്നു ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ. സരസ്വതി മണ്ഡപത്തിലെ നിലവിളക്കിലേക്ക് അഗ്നി പകർന്നു നൽകിയ ശേഷം ക്ഷേത്രത്തിലെ 13 കീഴ്ശാന്തി കുടുംബങ്ങളിലെ കാരണവന്മാർ കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നൽകി. കുരുന്നുകളുടെ നാവിൽ ആദ്യം സ്വർണ്ണം കൊണ്ട് ഹരിശ്രീ കുറിച്ച ശേഷം തളികയിലെ അരിയിൽ ആദ്യക്ഷരം കുറിച്ചു. അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നതിനുള്ള കുട്ടികളുമായി പുലർച്ചെ മുതൽതന്നെ രക്ഷിതാക്കളുടെ നീണ്ട നിരയായിരുന്നു. നൂറുകണക്കിന് കുരുന്നുകൾ അക്ഷര മധുരം നുകർന്ന് അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചുകയറി. കുരുന്നുകൾക്ക് പ്രസാദമായി ഭഗവാന് നിവേദിച്ച പഴം, പട്ടുകോണകം, പട്ട് എന്നിവ ദേവസ്വം അധികാരികൾ നൽകി. വിജയദശമി ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിനും തിരക്കനുഭവപ്പെട്ടു.