thachan
ഗിരിജന് വീടിന്റെ താക്കോൽ മേയർ കൈമാറുന്നു.

തൃശൂർ: ചേറൂർ പ്രദേശത്തെ ഒട്ടേറെ വീടുകൾ ഒരു കാലത്ത് നിർമ്മിച്ച തച്ചനായിരുന്ന ഗിരിജന് സനേഹവീടൊരുക്കി മാതൃകയായി ഏവന്നൂർ മൈത്രി റസിഡന്റ്‌സ് അസോസിയേഷൻ. തകർന്നുവീഴാറായി ചോർന്നൊലിക്കുന്ന ഒരു കെട്ടിടത്തിലാണ് രോഗബാധിതനായ ഗിരിജൻ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്നത്. അയൽവാസിയായ മേരീസ് കൊച്ചാപ്പു പല്ലൻ നൽകിയ സാമ്പത്തികസഹായം ഉപയോഗിച്ച് മൈത്രി റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ കാടും പടലും വൃത്തിയാക്കി വീട് പുതുക്കിപ്പണിതു നൽകി. കഴിഞ്ഞ പ്രളയകാലത്ത് വീടിന്റെ ഒരുഭാഗം തകർന്നു വീണതിനെതുടർന്ന് ടാർപോളിൻ കൊണ്ട് മറച്ച് കഴിയുകയായിരുന്നു.
ദിവസേന ഭക്ഷണം നൽകാനുള്ള സംവിധാനവും ഒരു കട്ടിലും വീട്ടുപകരണങ്ങളും റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ നൽകിയതായി പ്രസിഡന്റ് പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ് അറിയിച്ചു. മേരീസ് പല്ലൻ, ചന്ദ്രകുമാർ, സുഗതൻ കാവേരി എന്നിവരെ മേയർ ആദരിച്ചു. ഗിരിജന് കിടപ്പാടം ഒരുക്കുന്നതറിഞ്ഞ് പുതുവസ്ത്രങ്ങളും സമ്മാനങ്ങളുമായി നിരവധിപേർ എത്തി. കൗൺസിലർ പ്രസീജ ഗോപകുമാർ, ആശ അപ്പു, എൻ. അനിൽകുമാർ, അജയകുമാർ, റോസമ്മ പല്ലൻ, കെ.എം. മധു, നന്ദകുമാർ, വി.സി. ജയപ്രകാശ്, എം.ആർ. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.