തൃശൂർ: അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും പ്രതിഷേധ പരിപാടികളുമായി 25 ലേറെ സംഘടനകളിലെ നൂറ് കണക്കിന് വാഹന ഉടമകളും തൊഴിലാളികളും കുതിരാനിലെ ദേശീയപാതയിൽ വീണ്ടും സമരത്തിനിറങ്ങുന്നു. ഇന്നലെ വൻപ്രതിഷേധവുമായി ജനങ്ങളും യാത്രക്കാരും രംഗത്തിറങ്ങിയതിന് പിന്നാലെയാണ് സമരം ശക്തമാക്കാനുളള തീരുമാനം. കൊമ്പഴ മുതൽ വഴുക്കുംപാറ വരെയുളള നാല് കിലോമീറ്ററിൽ ടാർ പൂർണ്ണമായും അടർന്ന നിലയിലാണ്. ക്വാറിവേസ്റ്റ് ഉപയോഗിച്ച് താത്കാലികമായി കുഴിയടയ്ക്കൽ അനുവദിക്കില്ലെന്ന നിലപാടിലാണ് കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മ. റീ ടാർ ചെയ്തില്ലെങ്കിൽ റോഡ് നിലനിൽക്കില്ലെന്ന് തിരിച്ചറിഞ്ഞിട്ടും ഇന്നലെ ക്വാറി വേസ്റ്റിടാനുളള നീക്കത്തെ സമരസമിതി തടഞ്ഞു. ജനകീയ സമരത്തിന് പിന്നാലെ സമരപ്രഖ്യാപനവുമായി രാഷ്ട്രീയ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുഖ്യധാര കക്ഷികൾ രംഗത്തിറങ്ങിയിട്ടില്ല.

കുതിരാൻ തുരങ്കനിർമ്മാണം നിലച്ചതിലും ഫണ്ട് അനുവദിച്ചിട്ടും റോഡിലെ അറ്റകുറ്റപ്പണി നടത്താത്തതിലും ജനരോഷം ഉയർന്നിട്ടുണ്ട്. സമരം ശക്തമാകുമ്പോഴും ഗതാഗതക്കുരുക്ക് ഇന്നലെയും തുടർന്നു. മണിക്കൂറുകളോളമാണ് യാത്രക്കാർ കുതിരാനിലെ കുടുക്കിൽപെട്ട് കിടക്കുന്നത്. കാഴ്ചയെ മറയ്ക്കും വിധം ശക്തമാണ് റോഡിലെ പൊടിപടലം. ഒരാഴ്ചയായി വഴുക്കുംപാറ മുതൽ കുതിരാൻ വരെയും ഇരുമ്പുപാലം മുതൽ വില്ലൻ വളവ് വരെയും സ്ഥിരമായി ഗതാഗതക്കുരുക്കുണ്ട്. ഇരുമ്പുപാലം വരെ ഏതാനും മിനിറ്റുകൾക്കുള്ളിൽ കടന്നു പോകേണ്ട വാഹനങ്ങളാണ് ഒരു മണിക്കൂർ വരെ സമയമെടുക്കുന്നത്.

കൂട്ടായ്മയിലുള്ളത്:

മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള സംഘടനകൾ,

ആംബുലൻസ് ഡ്രൈവർമാർ, ക്ലബ്ബുകൾ, ബസ് ഓണേഴ്‌സ് സംഘടനകൾ, ബസ് തൊഴിലാളി സംഘടനകൾ, ഡ്രൈവേഴ്‌സ് അസോസിയേഷൻ, ഓട്ടോ തൊഴിലാളികൾ, വാട്‌സ് ആപ് ഗ്രൂപ്പുകൾ.

'' ഇരുമ്പ് പാലത്തിൽ 20 മുതൽ 24 മണിക്കൂർ സമരം നടത്തും. 28 മുതലാണ് അനിശ്ചിതകാല നിരാഹാരസമരം. അഞ്ഞൂറോളം പേർ ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇനി പ്രശ്നം പരിഹരിക്കുന്നത് വരെ രംഗത്തുണ്ടാകും. ''

- കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മ

പ്രധാന ആവശ്യം :


കൊമ്പഴ മുതൽ വഴുക്കുമ്പാറ വരെ നാല് കിലോമീറ്റർ ആധുനിക രീതിയിൽ ടാറിംഗ്

'പഞ്ചവത്സര പഞ്ചവടി തുരങ്കം'

#കേരളത്തിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കനിർമാണത്തിന് പ്രായം അഞ്ച്

#പണിയുന്നത് 3 കിലോമീറ്റർ റോഡിന് പകരം ഒരു കിലോമീറ്ററിൽ തുരങ്കപാത

#തുരങ്കത്തിൻ്റെ പണി തുടങ്ങിയത് 2014 ഒക്ടോബർ 9 ന്
#കരാർ കമ്പനിയുടെ അനാസ്ഥയിൽ നിർമ്മാണം മുടങ്ങിയത് പലതവണ
#പണമില്ലാത്തതിനാൽ അവസാനഘട്ടത്തിലും നിർമ്മാണം മുടങ്ങി