
തൃശൂർ: കൃഷിയെ പ്രണയിച്ച രഞ്ജിത്തിന് കൂട്ടുകാർ നൽകുന്ന സ്നേഹസ്മരണയും ബലിതർപ്പണവുമാണ് ഈ നെൽപ്പാടം. വിതയ്ക്കാനിരുന്ന വിത്തുകളും സ്വപ്നങ്ങളും ബാക്കിയാക്കി പൊടുന്നനെ കൂട്ടുകാരൻ വിടപറഞ്ഞപ്പോൾ വ്യാപിച്ച ശൂന്യതയെ അതിജീവിക്കാൻ അവർ പാടത്തിറങ്ങി. ക്ഷേമനിധി ബോർഡ് ജീവനക്കാരനായ സുരേഷും ഷെയർ മാർക്കറ്റ് രംഗത്തുള്ള രതീഷും സ്വകാര്യ കോളേജ് അദ്ധ്യാപകൻ ദിലീപും.
വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിൽ പഠിച്ചിരുന്ന ഇവർ നാലുപേരും നാഷണൽ സർവീസ് സ്കീമിലൂടെയാണ് ഒന്നിച്ചത്. രഞ്ജിത്തിനെ അവർ മത്തായി എന്ന ഓമനപ്പേരിട്ട് വിളിച്ചു. പഠനശേഷം ഷെയർ മാർക്കറ്റിംഗ് തൊഴിലാക്കി. പക്ഷേ, നെല്ലും പച്ചക്കറിയുമെല്ലാം കൃഷി ചെയ്യുന്നതിലായിരുന്നു ആനന്ദം. അതിനായി ആറ് ഏക്കർ പാടം പാട്ടത്തിനെടുത്തു. അതിൽ വിളഞ്ഞുനിൽക്കുന്ന നെൽക്കതിരുകൾ സ്വപ്നം കണ്ട രഞ്ജിത്ത് മുഴുവൻ സമയ കർഷകനായി. റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായ അച്ഛനും അമ്മയും മകന്റെ ഹരിതസ്വപ്നങ്ങളെ പിന്തുണച്ചു. ആറ് വർഷമായി തുടർന്ന കൃഷിപ്രേമത്തിന് സഹോദരിമാരായ സുപർണയും (നൃത്താദ്ധ്യാപിക) അപർണയും (ലൈബ്രേറിയൻ) തുണയായി..
അങ്ങനെ, പൈങ്കുളം പടിഞ്ഞാട്ടുമുറി പാടത്ത് ഈയാണ്ടിലും കൃഷിയിറക്കാനിരിക്കെയാണ്, വടക്കാഞ്ചേരി കുമരനെല്ലൂർ കാർമ്മൽ വീട്ടിൽ വീരഹരിജ ബാബുവിന്റെയും ഇന്ദിരയുടെയും മകനായ രഞ്ജിത്ത് (38) കഴിഞ്ഞ മാർച്ച് 12ന് ഹൃദയാഘാതം വന്ന് മരിച്ചത്.
കൂട്ടുകാരന്റെ മോഹങ്ങൾ സഫലമാക്കാൻ കഴിഞ്ഞില്ലെങ്കിൽ സൗഹൃദത്തിന് എന്ത് വില? അവർ പരസ്പരം ചോദിച്ചു. രഞ്ജിത്തിന് കൃഷി അറിവുകൾ പകർന്നുനൽകിയിരുന്ന രാമൻകുട്ടി എന്ന കുട്ടന്റെയും വിനയന്റെയും സഹായത്തോടെ 'ഉമ' നെൽവിത്ത് പാകി മുളപ്പിച്ച്, കഴിഞ്ഞ ആഴ്ചയിൽ ഞാർ നട്ടു. വ്യാസ കോളേജിലെ അന്നത്തെ ബിരുദ വിദ്യാർത്ഥികളുടെ കൂട്ടായ്മ 15,000 രൂപ കൃഷിപ്പണിക്കായി നൽകി.
രഞ്ജിത്തിന്റെ കുടുംബാംഗങ്ങളും സഹായിച്ചു. മത്തായിയുടെ കൂട്ടുകാർ ഇപ്പോൾ കാത്തിരിക്കുകയാണ്, തിലോദകമായി അർപ്പിച്ച വിത്തുകളെല്ലാം പൊൻകതിരായി പൂത്തുലയുന്നത് കാണാൻ. പക്ഷേ, സൗഹൃദത്തിനായി ചെയ്യുന്നത് മറ്റാരെയും അറിയിക്കുന്നത് രതീഷിനും ദിലീപിനും ഇഷ്ടമല്ല.