platty-ant-fansy
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉപയോഗിച്ചിരുന്ന രൂപക്കൂട്ടിന്റെ അവശേഷിപ്പുമായി പ്ലാറ്റി ജോർജ്ജും ഫാൻസി ജോസും

മാള: മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ലോകം കാതോർക്കുമ്പോൾ കൈമാറി കിട്ടിയ അവശേഷിപ്പ് നിധി പോലെ സൂക്ഷിക്കുകയാണ് ഈ പിന്മുറക്കാർ. മറിയം ത്രേസ്യ ഉപയോഗിച്ചിരുന്ന രൂപക്കൂടിന്റെ ഭാഗവും ഉരലും മങ്കിടിയാൻ കുടുംബത്തിൽ ഇന്നും നിധി പോലെയുണ്ട്.

മറിയം ത്രേസ്യയുടെ സഹോദരൻ ഔസേപ്പിന്റെ മകൻ കുഞ്ഞി തോമന്റെ രണ്ട് മക്കളുടെ വീടുകളിലെ പ്രാർത്ഥനാ മുറിയിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. കുഞ്ഞി തോമന്റെ മക്കളായ ജോസും ജോർജ്ജും മരണപ്പെട്ടപ്പോൾ അവരുടെ ഭാര്യമാരായ ഫാൻസിയും പ്ലാറ്റിയുമാണ് ഇപ്പോഴത്തെ സംരക്ഷകർ. മറിയം ത്രേസ്യയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും രൂപക്കൂടും അടക്കമുള്ളവ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ മ്യൂസിയത്തിലേക്ക് ഏതാനും വർഷം മുമ്പ് നൽകിയിരുന്നു.

മറിയം ത്രേസ്യയുടെ മങ്കിടിയാൻ പിന്മുറക്കാരായി മൂന്ന് കുടുംബങ്ങളാണ് പുത്തൻചിറയിലുള്ളത്. സഹോദരന്മാരുടെ മക്കളായ കുഞ്ഞി തോമന്റെ രണ്ടും കുഞ്ഞി പൊറിഞ്ചുവിന്റെ ഒന്നും കുടുംബമാണ് മങ്കിടിയിലുള്ളത്. മറിയം ത്രേസ്യ ഉപയോഗിച്ചിരുന്ന രൂപക്കൂടിന്റെ മുകൾ ഭാഗം പ്രാർത്ഥനാ മുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കുഞ്ഞി തോമന്റെ മകൻ ജോർജ്ജിന്റെ ഭാര്യ പ്ലാറ്റി പറഞ്ഞു. മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയരുമ്പോൾ ലോകം മുഴുവൻ പുത്തൻചിറയുടെ പേരും അറിയപ്പെടും.

മങ്കിടിയാൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വരുമ്പോൾ അമ്മ ധന്യ പദവിയിലേക്ക് പോലും ആയിട്ടില്ലെന്നും അന്ന് ഓസ്തി ഇടിച്ചിരുന്ന ഉരൽ ഇപ്പോഴും വീട്ടിലുണ്ടെന്നും കുഞ്ഞി തോമന്റെ മറ്റൊരു മകൻ ജോസിന്റെ ഭാര്യ ഫാൻസി പറഞ്ഞു. മറ്റൊരു സഹോദരൻ പൊറിഞ്ചുവിന്റെ മക്കളുടെ നാല് കുടുംബങ്ങൾ ചാലക്കുടി മേലൂരിലാണുള്ളത്. മറ്റു സഹോദരങ്ങളുടെ കുടുംബങ്ങൾ തൃശൂരിലും ചൊവ്വൂരിലുമാണ്. പുത്തൻചിറ കിഴക്കുംമുറിയിൽ മറിയം ത്രേസ്യയുടെ മങ്കിടിയാൻ തറവാട്ടിൽ കൂട്ടുകുടുംബമായിരുന്നു. 1935 ലാണ് സഹോദരൻ ഔസേപ്പിന്റെ മക്കളായ കുഞ്ഞി തോമനും കുഞ്ഞി പൊറിഞ്ചുവും അവരുടെ കുടുംബത്തോടൊപ്പം മങ്കിടിയിലേക്കെത്തിയത്.