തൃശൂർ : വൃദ്ധയായ മാതാവും ഭാര്യയും മക്കളുമുള്ള തടവുകാരന് പരോൾ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. തടവുകാരന്റെ അപേക്ഷയിൽ ഒരിക്കൽ കൂടി റിപ്പോർട്ട് വരുത്തി ജയിൽ ഉപദേശക സമിതി പരിശോധിച്ച് ന്യായമായ തീരുമാനമെടുക്കണമെന്ന് കമ്മിഷൻ ജൂഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മണികണ്ഠൻ നൽകിയ പരാതിയിലാണ് നടപടി. കമ്മിഷൻ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ ഐ.പി.സി 302 പ്രകാരം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടയാളാണ്. പൊലീസ് റിപ്പോർട്ട് എതിരായതിനാലാണ് പരോൾ നൽകാതിരുന്നത്. പൊലീസിൽ നിന്നും പ്രൊബേഷൻ ഓഫീസിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ എതിരായിരുന്നു. പരാതിക്കാരൻ 10 വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. മറ്റൊരു തടവുകാരനായ മോൻസിയുടെ പരാതിയും കമ്മിഷൻ പരിഗണിച്ചു. തന്റെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനാണ് പരാതിക്കാരൻ പരോൾ ആവശ്യപ്പെട്ടത്. കമ്മിഷൻ ജില്ലാ പൊലീസ്‌ മേധാവിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതിക്കാരൻ മയക്കുമരുന്ന് കേസിൽ പ്രതിയാണ്. രാമമംഗലം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരന് പരോൾ ലഭിച്ചാൽ പുറത്തിറങ്ങി വീണ്ടും മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. തടവിൽ കഴിയുന്ന ആളുകൾ കാരണം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകരുതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന്റെ അപേക്ഷ അനുഭാവപൂർവം പരിഗണിക്കാൻ കഴിയില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു...