മാള: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മങ്കിടിയാൻ കുടുംബത്തിന്റെ പേരിലുള്ള മങ്കിടിയാൻ മുക്കിന് പിന്നിലെ ചരിത്രം ശ്രദ്ധയാകർഷിക്കുന്നു. 1935ൽ മറിയം ത്രേസ്യയുടെ സഹോദരൻ ഔസേപ്പിന്റെ മക്കളായ കുഞ്ഞി തോമയും കുഞ്ഞി പൊറിഞ്ചുവുമാണ് പുത്തൻചിറ മങ്കിടിയാൻ മുക്കെന്ന പേരിന് കാരണക്കാരായത്.
കിഴക്കേ പുത്തൻചിറയിൽ മറിയം ത്രേസ്യയുടെ തറവാട്ട് കുടുംബത്തിൽ നിന്ന് സഹോദരൻ ഔസേപ്പിന്റെ മക്കളായ കുഞ്ഞി തോമയും കുഞ്ഞി പൊറിഞ്ചുവും കുടുംബവും താമസം മാറുന്നത് 1935 ലാണ്. അന്ന് വ്യാപാര പ്രമുഖരായാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. സ്ഥലത്തെ എല്ലാവരും ആശ്രയിച്ചിരുന്നത് ഇവരുടെ സ്ഥാപനങ്ങളെയാണ്. വെളിച്ചെണ്ണ ചക്ക്, പലചരക്ക് വ്യാപാരം, അടയ്ക്ക കച്ചവടം, തുണിക്കട, കൊപ്ര കച്ചവടം, കൃഷി തുടങ്ങിയ എല്ലാ മേഖലകളിലും ഇവരുടെ പ്രധാന പങ്കുണ്ടായിരുന്നു. അന്നത്തെ ധനവാന്മാരായ ഈ സഹോദരങ്ങളുടെ വ്യാപാരങ്ങളും അനുദിനം പുരോഗതി പ്രാപിച്ചിരുന്നു. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും നിത്യമായി ഇവരുടെ വ്യാപാര സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അങ്ങനെ ഇവർക്കൊപ്പം വളർന്ന കുടുംബ പേരാണ് മങ്കിടിയാൻ എന്നത്.
ഈ മങ്കിടിയാന്മാർ വന്നതോടെയാണ് മങ്കിടിയാൻ മുക്കെന്ന പേര് പുത്തൻചിറയിലെ ഈ പ്രദേശത്തിന് വന്നതെന്ന് പിന്മുറക്കാരനായ ജോപ്പി മങ്കിടിയാൻ പറഞ്ഞു. ആ കുടുംബത്തിൽ നിന്ന് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ മങ്കിടിയാൻ മുക്കെന്ന ഗ്രാമവും ചരിത്രത്തിന്റെ ഭാഗമാവുകയാണ്.