ചാലക്കുടി: ഗതകാലത്തിന്റെ ഒരായിരം ഓർമ്മകളെ താങ്ങിയാണ് വേളൂക്കരയിലെ റോഡരികിൽ ഈ കരിങ്കൽപാളികളുടെ നിൽപ്പ്. 1962ൽ അന്തരിച്ച പരിയാരം അരിയമ്പറത്ത് കുഞ്ഞുകുട്ടിയമ്മയുടെ പേരിൽ കുടുംബം സ്ഥാപിച്ച ചുമടുതാങ്ങിയും ഇപ്പോൾ നവതി പിന്നിടുന്നു. കാഞ്ഞിരപ്പിള്ളി മലയിൽ നിന്നും വിറകും മറ്റ് ഉത്പന്നങ്ങളും തലച്ചുമടായി കൊണ്ടുപോകുന്നവർക്ക് ഇറക്കി വിശ്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചുമടുതാങ്ങിയുടെ നിർമ്മിതി.
കൊച്ചി രാജാവിന്റെ വേനൽക്കാല വസതിയായിരുന്ന കാഞ്ഞിരപ്പിള്ളി കോവിലകവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുഞ്ഞുകുട്ടിയമ്മയ്ക്ക് അക്കാലത്ത് പരിയാരം ഗ്രാമക്കാർ നൽകിയിരുന്നത് ഒരു രാഞ്ജിയുടെ മേലങ്കിയായിരുന്നു. രാജാവിനൊപ്പം വേനൽക്കാല വിശ്രമത്തിനെത്തുന്ന നെയ്ത്താരമ്മയുടെ ഇഷ്ടക്കാരിയായി മാറിയിരുന്നു കുഞ്ഞുകുട്ടിയമ്മ. അവർക്ക് മാത്രമായിരുന്നു കൊട്ടാരത്തിലേക്ക് പ്രവേശനവും. പ്രശസ്തി പിടിച്ചുപറ്റിയ കുട്ടിയമ്മയുടെ പേരിൽ നാട്ടിൽ ഭർത്താവ് നമ്പീശനും വീട്ടുകാരും നിരവധി പുണ്യപ്രവൃത്തികൾ നടത്തി. അതിൽ ഒന്നായിരുന്നു വേളൂക്കരയിലെ ചുമടുതാങ്ങി.
അരിയമ്പറമ്പത്ത് കുടുംബം വക സ്ഥലത്തായിരുന്നു ചുമടുതാങ്ങി നിർമ്മിച്ചത്. തൊട്ടരികെ ദാഹം ശമിപ്പിക്കുന്നതിന് വിശാലമായ ഒരു കിണറും നെല്ലിമരവും ഉണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. പതിറ്റാണ്ടുകളോളം ഇവിടെ സൗജന്യ സംഭാരപ്പുരയും പ്രവർത്തിച്ചിരുന്നു. കാലം പിന്നിട്ടപ്പോൾ ഇതിലൂടെ റോഡ് വരികയും ചുമടുതാങ്ങി ഒരു വശത്താവുകയും ചെയ്തു. വീണ്ടും റോഡ് വികസിച്ചപ്പോൾ ചരിത്രസ്തംഭം കുപ്പയിലേക്ക് തള്ളപ്പെട്ടു.
കരിങ്കൽപ്പാളികൾ ഏറ്റെടുക്കുന്നതിന് കുഞ്ഞുകുട്ടിയമ്മയുടെ പിൻതലമുറയിലെ മീന നന്ദകുമാർ രംഗത്തെത്തി. എന്നാൽ സംരക്ഷണം പിന്നീട് നാട്ടുകാർ ഏറ്റെടുത്തു. 42 പേരക്കുട്ടികളും ഇവരുമായി ബന്ധപ്പെട്ട വലിയൊരു കൂട്ടുകുടുംബത്തിലെ അധിപയായിരുന്ന കുഞ്ഞുകുട്ടിയമ്മയും ഇവരുടെ സ്മരണ പേറിനിൽക്കുന്ന ചുമടുതാങ്ങിയും ചരിത്രാന്വേഷികൾക്ക് മുന്നിൽ ഇനിയും കൗതുകമായി നിലകൊള്ളും.