bazar-road
പുതുക്കാട് ബസാര്‍ റോഡ് കാന നിര്‍മാണം ആരംഭിച്ചപ്പോള്‍

പുതുക്കാട്: ഏറെ വിവാദങ്ങൾക്കൊടുവിൽ പുതുക്കാട് ബസാർ റോഡിന്റെ നവീകരണം തുടങ്ങി. പള്ളിക്കു മുന്നിൽ നിന്നും കാനയുടെ നിർമ്മാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ഇരുവശത്തുമുള്ള കാന കോൺക്രീറ്റ് ചെയ്ത് മുകളിൽ സ്ലാബിട്ട് ടൈൽ പാകി നടപ്പാത നിർമ്മിക്കലാണ് പ്രധന പ്രവൃത്തി.

ഇരുവശത്തുമുള്ള കൈയ്യേറ്റം ഒഴിപ്പിച്ച ശേഷം മാത്രം നവീകരണം നടത്തിയാൽ മതിയെന്ന് പൊതുപ്രവർത്തകരും പുതുക്കാട് വികസന സമിതിയും ആവശ്യപ്പെട്ടതോടെയാണ് വികസനം വഴിത്തിരിവിലായത്. പൊതുപ്രവർത്തകരുടെ ഇടപെടലോടെ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലും ഉണ്ടായി. തുടർന്ന് സർവേ വകുപ്പ് റോഡ് അളന്ന് കൈയ്യേറ്റം കണ്ടെത്തി രേഖപ്പെടുത്തി.

കൈയേറ്റം പൊളിക്കുന്നതിനെതിരെ എതാനും വ്യാപാരികൾ കോടതിയെ സമീപിച്ചു. കോടതി സ്റ്റേ ചെയ്തത് ഒഴികെയുള്ള സ്ഥലത്തെ കൈയേറ്റം പൊളിച്ചുമാറ്റിയാണ് കാനനിർമ്മാണം നടത്തുന്നത്. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രത്യേക താത്പര്യപ്രകാരം സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്.