എരുമപ്പെട്ടി: കോട്ടക്കുന്ന് മേച്ചിൽ കാട്ടിൽ അജൈവ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതിക്കെതിരെ പരാതി നൽകിയവരുമായി ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച് ചേർത്ത യോഗത്തിൽ വാക്കേറ്റവും പ്രതിഷേധവും. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് അഞ്ചാം വാർഡിൽ ഉൾപ്പെട്ട മേച്ചിൽ കാട്ടിൽ എം.സി.എഫ് യൂണിറ്റ് ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് മീന ശലമോന്റെ അദ്ധ്യക്ഷതയിൽ പരാതിക്കാരുടെ യോഗം ഇന്നലെ പഞ്ചായത്തിൽ വിളിച്ച് ചേർത്തത്.
എന്നാൽ പദ്ധതിക്കെതിരെ പരാതി നൽകുകയും പഞ്ചായത്തിലേക്ക് മാർച്ച് നടത്തുകയും ചെയ്ത സി.പി.എം പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സി.പി.എം മെമ്പർമാരായ വി.സി. ബിനോജ്, പ്രസീത ശശിധരൻ എന്നിവർ യോഗത്തിൽ പ്രതിഷേധിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. ആറാം വാർഡിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന എം.സി.എഫ് യൂണിറ്റ് പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുക്കാതെയാണ് അഞ്ചാം വാർഡിലേക്ക് മാറ്റിയതെന്നും പ്രദേശത്തെ മെമ്പർമാരായ തങ്ങളറിയാതെയാണ് പദ്ധതി കോട്ടക്കുന്നിലേക്ക് മാറ്റിയതെന്നും ജനങ്ങളിൽ ആശങ്കയുണ്ടാക്കി സംസ്ഥാന സർക്കാരിന്റെ പദ്ധതി മനഃപൂർവ്വം അട്ടിമറിക്കാനാണ് കോൺഗ്രസ് ഭരണസമിതി ശ്രമിക്കുന്നതെന്നും സി.പി.എം മെമ്പർമാർ ആരോപിച്ചു.
എന്നാൽ പദ്ധതിക്ക് അനുകൂലമായി ആദ്യം മിനിറ്റ്‌സിൽ ഒപ്പുവച്ച സി.പി.എം മെമ്പർമാർ യോഗത്തിൽ നിന്നും ഇറങ്ങിപോയത് ഇരട്ടത്താപ്പാണെന്നും ജനങ്ങൾ പ്രതിഷേധം ഉയർത്തിയപ്പോഴാണ് സി.പി.എം പദ്ധതിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നും ഗ്രാമസഭ വിളിച്ച് ചേർത്ത് പ്രദേശവാസികളുടെ അഭിപ്രായം അറിഞ്ഞതിനെ ശേഷം മാത്രമെ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കുകയുള്ളുവെന്നും ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാർ പറഞ്ഞു.
അതേസമയം സർവകക്ഷി യോഗമല്ല പരാതിക്കാരുടെ യോഗമാണ് വിളിച്ച് ചേർത്തതെന്നും സി.പി.എം പദ്ധതിക്കെതിരെ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ഗ്രാമസഭ വിളിച്ച് ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് മാത്രമേ പദ്ധതി നടപ്പിലാക്കുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ പറഞ്ഞു. മന്ത്രി എ.സി. മൊയ്തീന്റെ നിർദേശപ്രകാരം സി.പി.എം നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്താണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് നിലപാട് അപഹാസ്യമാണെന്നും മന്ത്രിയും ബ്ലോക്ക് പ്രസിഡന്റ് എസ്. ബസന്ത് ലാലും നയം വ്യക്തമാക്കണമെന്നും പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.