തൃശൂർ: ഗാന്ധിജി ഉയർത്തിപ്പിടിച്ച ദേശീയതാ സങ്കൽപം ഉൾക്കൊള്ളലിന്റേതും സാഹോദര്യത്തിന്റേതുമാണെന്ന് പ്രമുഖ പ്രഭാഷകൻ സുനിൽ പി. ഇളയിടം പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന ചടങ്ങിൽ 'ഗാന്ധിജിയുടെ സമകാലികത' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അപരങ്ങളില്ലാത്ത രാഷ്ട്രം എന്ന നിലയിലേക്ക് ആധുനിക ഇന്ത്യയെക്കുറിച്ചുള്ള ബോദ്ധ്യത്തെ വികസിപ്പിക്കാൻ കഴിഞ്ഞതാണ് ഗാന്ധിജിയുടെ ദേശീയതാ സങ്കൽപത്തിന്റെ മർമ്മമെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു. രാജ്യത്തെ വിവിധ കാഴ്ചപ്പാടുകളെ തമസ്‌കരിക്കാതെ കൂടെ നിറുത്തിയതാണ് ഗാന്ധിജിയുടെ പ്രസക്തിയെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ടി എൻ പ്രതാപൻ എം.പി പറഞ്ഞു. കോർപറേഷൻ മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഐ ആൻഡ് പി.ആർ.ഡി ഡയറക്ടർ യു.വി. ജോസ്, മേഖല ഡെപ്യൂട്ടി ഡയറക്ടർ വി.പി. സുലഭകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജ് എന്നിവർ സംസാരിച്ചു.