തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസിന് നഗരത്തിൽ തുടക്കമായി. ആദ്യദിനത്തിൽ ഹോക്കി, ക്രിക്കറ്റ്, ഫുട്‌ബാൾ മത്സരങ്ങളാണ് ആരംഭിച്ചത്. അണ്ടർ 17 ആൺകുട്ടികളുടെ ഹോക്കി മത്സരത്തിൽ ചേർപ്പ് ഉപജില്ല ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ തൃശൂർ ഈസ്റ്റിനെ പരാജയപ്പെടുത്തിയാണ് ചേർപ്പ് ഫൈനൽ ബർത്ത് നേടിയത്. ഇന്ന് നടക്കുന്ന ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ രണ്ടാം സെമി മത്സരവിജയികൾ ഫൈനലിൽ ചേർപ്പുമായി ഏറ്റുമുട്ടും. അണ്ടർ 17 ഫുട്‌ബാളിൽ വാശിയേറിയ മത്സരങ്ങളാണ് കോർപറേഷൻ സിന്തറ്റിക് ടർഫ് മൈതാനിയിൽ നടക്കുന്നത്.

ക്വാർട്ടർ ഫൈനൽ പിന്നിട്ടതോടെ, തൃശൂർ ഈസ്റ്റ്, ഇരിങ്ങാലക്കുട, ചേർപ്പ്, കുന്നംകുളം ഉപജില്ലകൾ സെമിയിൽ പ്രവേശിച്ചു. 11ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യസെമിയിൽ ഈസ്റ്റ്, ഇരിങ്ങാലക്കുടയുമായും രണ്ടാം സെമിയിൽ ചേർപ്പ്, കുന്നംകുളവുമായി ഏറ്റുമുട്ടും. അണ്ടർ 17 ഗേൾസ് ഹോക്കിയിൽ തൃശൂർ വെസ്റ്റ് ഉപജില്ല ഫൈനലിൽ പ്രവേശിച്ചു. തൃശൂർ ഈസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഫൈനലിൽ ഇടം നേടിയത്. രണ്ടാം സെമിയിൽ മുല്ലശേരിയും ഇരിങ്ങാലക്കുടയുമായി ഏറ്റുമുട്ടും. അണ്ടർ 17 ആൺകുട്ടികളുടെ ക്രിക്കറ്റ് സെമിഫൈനൽമത്സരത്തിൽ തൃശൂർ ഈസ്റ്റും ചാലക്കുടിയും ഏറ്റുമുട്ടും. റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഗവ. എൻജിനിയറിംഗ് കോളേജ് മൈതാനിയിൽ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ നിർവഹിക്കും. മേയർ അജിത വിജയൻ അദ്ധ്യക്ഷയാകും. തുടർന്ന് വിവിധ സ്റ്റേഡിയങ്ങളിലായി ടെന്നീസ്, കബഡി, ഹാൻഡ്‌ബോൾ, ബാസ്‌കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ, ഖോ ഖോ, ചെസ് മത്സരങ്ങളും അരങ്ങേറും. 12ന് വൈകിട്ട് ഗെയിംസ് സമാപിക്കും.