ചേലക്കര: കാലവർഷമഴയിൽ റോഡിനടിയിൽ വലിയ തുരങ്കം രൂപപ്പെട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞു. അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമായിട്ടില്ല. ചേലക്കര എളനാട് റോഡിൽ കളപ്പാറയിൽ നിന്നുള്ള ആദിവാസി കോളനി റോഡിൽ 50 മീറ്റർ അകലെ റോഡിൽ ഉണ്ടാക്കിയ കലുങ്കിനു സമാന്തരമായാണ് തുരങ്കം ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ വർഷം മഴക്കാലത്തും ഇവിടെ റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചേലക്കര പഞ്ചായത്ത് അധികൃതർ ക്വാറി മാലിന്യം ഇട്ട് അതിനു മുകളിൽ ടാർ ചെയ്യുകയായിരുന്നു. ഇതേസ്ഥലത്തു തന്നെയാണ് വെള്ളം കുത്തിയൊലിച്ച് വീണ്ടും തുരങ്കമായത്. നാട്ടുകാർ തെങ്ങിൻതടിയും മറ്റും തിരുകിക്കയറ്റിയാണ് ചെറുവാഹനങ്ങൾക്ക് ഗതാഗത സൗകര്യം ഉണ്ടാക്കിയത്.

സ്‌കൂൾ വാഹനത്തിന് ഇതിലൂടെ സഞ്ചരിക്കാൻ കഴിയാത്തതിനാൽ കിലോമീറ്ററോളം നടന്നു വന്നാണ് വിദ്യാർത്ഥികൾ വാഹനത്തിൽ കയറുന്നത്. കളപ്പാറ ആദിവാസി കോളനിയിലേക്കും മാളിയേക്കൽ ഹരിജൻ കോളനിയിലേക്കും എത്താനുള്ള ഏക ആശ്രയമാണ് ഈ റോഡ്. കുടിയേറ്റ മേഖല കൂടിയായ പ്രദേശത്തു നിന്നും കാർഷിക ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടു പോകാൻ കഴിയാത്തതിനാൽ കർഷകരും ദുരിതത്തിലാണ്.
തുരങ്കം രൂപപ്പെട്ട ഭാഗം കെട്ടി ബലപ്പെടുത്തി അപകടനില ഒഴിവാക്കണമെന്നാന്ന് നാട്ടുകാരുടെ ആവശ്യം.