തൃശൂർ: ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക മദർ മറിയം ത്രേസ്യയെ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്ന വത്തിക്കാനിൽ ഒരുക്കം പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന്) നടക്കുന്ന ശുശ്രൂഷയിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പ്രഖ്യാപനം നിർവഹിക്കും. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ രൂപതാദ്ധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സഹകാർമികനാകും.

റോമിൽ വിശുദ്ധ പ്രഖ്യാപനത്തിന് മുന്നോടിയായി നാളെ വൈകിട്ട് നാലിന് മരിയ മെജോറ ബസിലിക്കയിൽ ഒരുക്ക ശുശ്രൂഷ നടക്കും. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാർമ്മികനാകും. തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമ്മികരാകും. ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ ജനറൽ കൗൺസിലർ സിസ്റ്റർ ഭവ്യ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ലേഖനം വായിക്കും. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബർ 16 ന് കുഴിക്കാട്ടുശേരിയിൽ നടക്കും.