തൃശൂർ : കാർഷിക മേഖലയിൽ ദേശീയ- സംസ്ഥാന അവാർഡുകൾക്ക് അർഹനായ കർഷകന്റെ നാട്ടറിവുകളും കണ്ടെത്തലുകളും കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ബ്ലോക്ക് തല പരിശീലന പരിപാടികളിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കാർഷിക വികസന - കർഷകക്ഷേമ ഡയറക്ടർക്കാണ് കമ്മിഷൻ ജൂഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. മരത്തംകോട് സ്വദേശി പോൾസന്റെ കാർഷിക അറിവുകൾ പ്രയോജനപ്പെടുത്തണമെന്നാണ് ഉത്തരവ്. പോൾസൻ 26 പുസ്തകം കൃഷി സംബന്ധമായി രചിച്ചിട്ടുണ്ട്. കമ്മിഷൻ കാർഷിക വികസന ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ കാർഷിക അറിവുകൾ കർഷകർക്ക് പ്രയോജനപ്പെടുത്താൻ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിൽ പറയുന്ന കാര്യം നടപ്പാക്കിയിട്ടില്ലെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.