വാടാനപ്പള്ളി: തളിക്കുളം പുഴയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. മേഖലയിലുള്ളവർ കുടിവെള്ളത്തിന് ആശ്രയിച്ചു പോരുന്ന ടാപ്പുകളിൽ കുടിവെള്ളം എത്തിയിട്ട് ആഴ്ചകളായി. ഇതാണ് പ്രദേശവാസികളെ വലച്ചത്. ശേഖരിച്ചു വച്ചിരുന്ന കുടിവെള്ളം തീർന്നതോടെ വിഷമത്തിലാണ് കുടുംബങ്ങൾ.
വീട്ടമ്മമാർ അർബാനയിൽ കുടവും ബക്കറ്റും നിരത്തി അകലെ നിന്നുള്ള കിണറുകളിൽ നിന്നാണ് കുടിവെള്ളം ശേഖരിച്ച് കൊണ്ടുവരുന്നത്. ഏറെ തിരക്കുള്ള തളിക്കുളം മുറ്റിച്ചൂർ റോഡിലൂടെ അർബാന ഉപയോഗിച്ചുള്ള യാത്ര അപകടം നിറഞ്ഞതാണ്. മഴ മാറിയതോടെയാണ് ടാപ്പുകളിൽ വെള്ളം ഇല്ലാത്ത അവസ്ഥ വന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെളള വിതരണം കാര്യക്ഷമമായി നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു..