തൃശൂർ: കഴിഞ്ഞ നാലുവർഷമായി നഗരഭരണം താറുമാറാക്കിയ എൽ.ഡി.എഫ് ഭരണത്തിനെതിരെ കോൺഗ്രസ് ഇപ്പോൾ പൊക്കിപ്പിടിക്കുന്ന അവിശ്വാസം ആത്മാർത്ഥതയില്ലാത്തതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. ബി.ജെ.പിയുടെ സഹായം വേണ്ടെന്ന് പറയുന്ന കോൺഗ്രസ് എന്ത് അടിസ്ഥാനത്തിലാണ് അവിശ്വാസം കൊണ്ടുവരുന്നത്. പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും അവിശ്വാസം കൊണ്ടുവരുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നാൽ എത്രപേർ പിന്തുണക്കുമെന്ന് വ്യക്തമാക്കാൻ കോൺഗ്രസിന് കഴിയുമോയെന്നും നാഗേഷ് ചോദിച്ചു.
കൗൺസിൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ ജനകീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്ന് ബി.ജെ.പി അംഗങ്ങൾ നിരന്തരം ആവശ്യം ഉയർത്തുമ്പോൾ ഇതിനെ പിന്തുണയ്ക്കാതിരിക്കുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. കോർപറേഷനിൽ നിന്ന് കോടികളുടെ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. മേയറുടെ മുൻകൂർ അനുമതി ഭരണവും കമ്മിഷൻ ഭരണവുമാണ് നടക്കുന്നത്. കൗൺസിൽ അറിയാതെ കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്ക് വർദ്ധിപ്പിച്ചത് നീതീകരിക്കാനാകില്ലെന്നും നാഗേഷ് പറഞ്ഞു.