ചാവക്കാട്: മത്സ്യം കയറ്റിപ്പോകുകയായിരുന്ന വാഹനം റോഡിലെ കുഴിയിൽ ചാടി പൈപ്പ് പൊട്ടി മലിന ജലം റോഡിലൊഴുകിയതോടെ ദുർഗന്ധം പരന്നു. ചാവക്കാട് പുതുപൊന്നാനി ദേശീയപാതയിൽ മരണക്കുഴിയിൽ ഇന്നലെ രാവിലെ 11 .30 ഓടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന വലിയ ഫ്രീസർ വാഹനമാണ് തിരുവത്ര അതിർത്തി പെട്രോൾ പമ്പിനടുത്ത് വച്ച് അപകടത്തിൽ പെട്ടത്.
റോഡിലെ കുഴിയിൽ ചാടിയതോടെ വാഹനത്തിനടിയിലെ പൈപ്പ് പൊട്ടുകയായിരുന്നു. ഇതോടെ വാഹനത്തിനുള്ളിൽ നിന്നുള്ള മലിന ജലം 200 മീറ്ററിലധികം ദൂരത്തിൽ റോഡിലേക്ക് പരന്നൊഴുകി. തുടർന്ന് വാഹനം റോഡരികിൽ നിറുത്തിയിട്ടു. മലിനജലം ഒഴുകിയതോടെ മേഖലയിലാകെ അസഹനീയമായ ദുർഗന്ധമാണ് പരന്നത്. തുടർന്ന് മലിനജലം ഒഴുകിയ സ്ഥലത്തെല്ലാം ബ്ലീച്ചിംഗ് പൗഡർ വിതറി. വിവരമറിഞ്ഞു ചാവക്കാട് ഹൈവേ പൊലീസും ചാവക്കാട് പൊലീസും സ്ഥലത്തെത്തി.