പുതുക്കാട്: ചീനിക്കുന്നിലെ പൈനാപ്പിൾ കൃഷി വലിയ തോതിലുള്ള മണ്ണൊലിപ്പും ഉരുൾപൊട്ടൽ ഭീഷണിയും ഉണ്ടാക്കുന്നു. 35 ഡിഗ്രി ചെരിഞ്ഞു കിടക്കുന്ന ചീനിക്കുന്നിന്റെ വടക്ക്, കിഴക്ക്, തെക്ക് ചെരുവുകളിലാണ് വ്യാപകമായി പൈനാപ്പിൾ കൃഷി നടത്തുന്നത്. യന്ത്രസഹായത്തോടെ മണ്ണിളക്കി നടത്തിയ കൃഷി മൂലം മഴയിൽ വൻതോതിൽ മണ്ണൊലിച്ച് കുന്നിൻ ചെരുവുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നുണ്ട്.
സഹ്യപർവത മലനിരകളുടെ വാലായി പടിഞ്ഞാട്ട് നീണ്ട് പുതുക്കാട് വരെയുള്ള മലനിരകളിൽ പെട്ട സ്ഥലമാണ് ചീനിക്കുന്ന്. റബർ കൃഷി ചെയ്തിരുന്ന ഇവിടെ റബർ മുറിച്ച് മാറ്റിയ ശേഷമായിരുന്നു വ്യാപകമായി പൈനാപ്പിൾ കൃഷി നടത്തിയത്. മണ്ണൊലിപ്പിനെ തുടർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി സമിതി പഠനം നടത്തിയിരുന്നു. കുന്നിന്റെ താഴ്‌വാരത്ത് മൂന്ന് വശങ്ങളിലും ജനവാസ മേഖലയായതിനാൽ മണ്ണൊലിപ്പ് ഗുരുതര പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമെന്നാണ് ആശങ്ക.
പുതുക്കാടിന്റെ തണ്ണീർ ഉറവിടമായ കുന്നിന്റെ നിലനിൽപ്പിന് കുന്നിൽ കയ്യാലകൾ നിർമ്മിക്കണമെന്നും മണ്ണൊലിപ്പ് തടയാൻ ധാരാളം വേരുകളുള്ള മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി വിഭാഗം ചെയർമാനും ഫോറസ്ട്രി കോളേജ് ഡീനുമായ ഡോ. വിദ്യാസാഗർ, കൺവീനർ, ടി.വി. വിശ്വംഭരൻ എന്നിവർ ആവശ്യപ്പെട്ടു.
വേനലിൽ വനം കത്തുകയും മണ്ണിനടിയിൽ ഉണ്ടായിരുന്ന മരക്കുറ്റികളുടെ സ്ഥാനത്ത് രൂപം കൊണ്ട ഗർത്തങ്ങൾ വഴി വെള്ളം മണ്ണിലേക്ക് ഇറങ്ങിയത് ഉരുൾപൊട്ടലിന് കാരണമായി. കഴിഞ്ഞ കാലവർഷത്തിൽ എച്ചിപാറയിൽ വനത്തിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തലിൽ എത്തിയത്.
- ഡോ. എസ്. ശ്രീകുമാർ, കേരള ലാൻഡ് സ്‌ലൈഡ് പ്രൊജക്ട് ചീഫ് ഇൻവെസ്റ്റിഗേറ്റീവ് സയന്റിസ്റ്റ്