കുറ്റപത്രം തയ്യാറാക്കി സമര പരിപാടികൾ സംഘടിപ്പിക്കും
തൃശൂർ : കോർപറേഷൻ ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരണമെന്ന പാർലമെന്ററി പാർട്ടി തീരുമാനത്തിന് ഡി.സി.സിയുടെ പച്ചക്കൊടിയില്ല. ഇത് സംബന്ധിച്ച് ഇന്നലെ ചേർന്ന യോഗത്തിൽ വിഷയം തന്നെ ചർച്ചയ്ക്കെടുത്തില്ല. അതേസമയം കൗൺസിലർമാരുടെ പ്രവർത്തനത്തിൽ മുതിർന്ന നേതാക്കൾ കടുത്ത അമർഷം രേഖപ്പെടുത്തി. ഈ നിലയിലാണ് കൗൺസിലർമാരുടെ പ്രവർത്തനമെങ്കിൽ അടുത്ത തവണ പുതിയ ടീമിനെ പരീക്ഷിക്കേണ്ടി വരുമെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. കോർപറേഷൻ ഭരണത്തിനെതിരെ കുറ്റപത്രം തയ്യാറാക്കി സമരപരിപാടികളുമായി മുന്നോട്ട് പോകാനും ടി.എൻ പ്രതാപൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
അവിശ്വാസം കൊണ്ടുവന്നാൽ അത് പാസാകണമെങ്കിൽ ബി.ജെ.പി സഹായം വേണ്ടി വരും.
തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ ബി.ജെ.പിയുമായി കൂട്ടുചേർന്ന് ഭരണത്തെ തട്ടിയിട്ടാൽ അത് സി.പി.എമ്മിന് ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലാണ് അവിശ്വാസത്തിൽ നിന്ന് പിന്തിരിയാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. കുറ്റപത്രം തയ്യാറാക്കുന്നതിനായി പി.എ മാധവൻ കൺവീനറായും എം.കെ മുകുന്ദൻ, രാജൻ പല്ലൻ, ജോൺ ഡാനിയേൽ, എ. പ്രസാദ്, സി.ബി ഗീത, സുബി ബാബു എന്നിവർ അംഗങ്ങളായും ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കോർപറേഷൻ എതിരെ ഡിവിഷൻ തലത്തിൽ ഭവന സന്ദർശനം നടത്തി ഒപ്പ് ശേഖരണം നടത്താനും ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, തേറമ്പിൽ രാമകൃഷ്ണൻ, കെ.പി വിശ്വനാഥൻ, പി. എ മാധവൻ, അബ്ദു റഹ്മാൻകുട്ടി, ജോസഫ് ചാലിശ്ശേരി, പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദൻ, രാജൻ പല്ലൻ, പാർലമെന്ററി പാർട്ടി ഡെപ്യുട്ടി ലീഡർ ജോൺ ഡാനി/sൽ, പാർലമെന്ററി പാർട്ടി സെക്രട്ടറി എ. പ്രസാദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഐ.പി പോൾ, ഗിരീഷ് കുമാർ, ജൈജു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.