തൃശൂർ : രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാഡമിയിൽ പാസിംഗ് ഔട്ട് പരേഡിന് തയ്യാറെടുക്കുന്ന വനിത സബ് ഇൻസ്പെക്ടർ ട്രെയിനി മദ്യപിച്ച് മേലുദ്യോഗസ്ഥരെ അസഭ്യവർഷം നടത്തി. ഈ മാസം അഞ്ചിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇവരെ ബലം പ്രയോഗിച്ച് തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ട്രെയിനികൾ താമസിക്കുന്ന ഡി ബ്ളോക്കിൽ മദ്യപിച്ച അവസ്ഥയിൽ കണ്ട ഇവർ പിന്നീട് പുറത്തിറങ്ങി കണ്ണിൽ കാണുന്നവരെയെല്ലാം അസഭ്യം പറയുകയായിരുന്നു.
ആംഡ് പൊലീസ് ഇൻസ്പെക്ടർ റെജി കുമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബഹളം. വിവാദമായതോടെ ഇവർ അവധിയിൽ പോയി. കോഴിക്കോട് സ്വദേശിയായ ഇവർക്ക്, പൊലീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫിൽ ജോലി ചെയ്യുമ്പോഴാണ് ഈ ക്വോട്ടയിൽ എസ്.ഐ സെലക്‌ഷൻ ലഭിച്ചത്. ഇവർ താമസിച്ചിടത്തു നിന്നും മുക്കാൽ കുപ്പി വൈറ്റ് റം പിടിച്ചെടുത്തതായും ഇത് കാക്കനാട് കെമിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായും വിവരമുണ്ട്. പി.എസ്.സി നേരിട്ട് സെലക്‌ഷൻ നടത്തിയ ആദ്യബാച്ചിൽ പെട്ടവരാണ് ഇവർ. ഇതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ഓഫീസർ എ.പി എസ്.ഐ മധുസൂദനൻ നായർ പ്രാഥമിക വിവര റിപ്പോർട്ട് നൽകി. പൊലീസ് കാമറാമാൻ ഈ ദൃശ്യങ്ങൾ പകർത്തിയതായും വിവരമുണ്ട്. അക്കാഡമിയിൽ നിലവിൽ മദ്യത്തിന് നിരോധനമുണ്ടെങ്കിലും മദ്യമടക്കമുള്ളവ എത്തിച്ചു കൊടുക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. അസിസ്റ്റന്റ് കമാൻഡന്റ് വിംഗ് വണിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭരണവിഭാഗം അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്നും ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവ് ഇവർക്കായി ഇടപെട്ടു..