ചേലക്കര: ചീരക്കഴി പുഴയിൽ മണൽചാക്ക് വച്ച് താത്കാലിക തടയണ നിർമ്മിച്ച് നവംബർ പതിനഞ്ചോടു കൂടി കർഷകർക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. ചീരക്കുഴി ഇറിഗേഷൻ പ്രോജക്ടിന്റെ പരിധിക്കുള്ളിൽ വരുന്ന പടശേഖര സമിതി ഭാരവാഹികളുടെയും കൃഷി ഓഫീസർമാരുടെയും ഇറിഗേഷൻ പ്രൊജക്ട് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. താത്കാലിക തടയണ നിർമ്മാണത്തിന് 27.4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

തുലാം വർഷം അവസാനിക്കുന്നതോടെ താത്കാലിക തടയണ നിർമ്മാണം ആരംഭിക്കുന്നതിനും ടെൻഡർ പൂർത്തീകരിക്കുന്നതിനും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർക്ക് എം.എൽ.എ നിർദ്ദേശം നൽകി. 2018ലെ പ്രളയത്തിലാണ് ഇറിഗേഷൻ പ്രോജക്ടിന്റെ അഞ്ച് ഷട്ടറുകളും കനാലിന്റെ മുൻഭാഗവും റോഡും തകർന്നത്. കഴിഞ്ഞ വർഷം താത്കാലിക തടയണയ്ക്കും കനാലിന്റെ അനുബന്ധ പ്രവൃത്തികൾക്കും റോഡിനും മറ്റുമായി 2.51 കോടി രൂപ അനുവദിച്ചിരുന്നു. ഇതുപ്രകാരം റോഡും അനുബന്ധ പ്രവൃത്തികളും ചെയ്തു തീർത്തു.

ഈ വർഷത്തെ പ്രളയത്തിൽ ഇത് വീണ്ടും തകർന്നു. സ്ഥിരം തടയണയ്ക്കും കനാൽ നവീകരണത്തിനുമായി 14 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതിൽ കനാൽ നവീകരണത്തിന് 4.4 കോടി രൂപ ജലസേചന വകുപ്പ് അനുവദിച്ചിട്ടുണ്ട്. 3.85 കോടി രൂപയുടെ ഷട്ടർ നിർമ്മാണം അടക്കമുള്ള മെക്കാനിക്കൽ വിഭാഗം പ്രവൃത്തികൾ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും ഡിസംബറിൽ തുക അനുവദിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതയും യു.ആർ. പ്രദീപ് എം.എൽ.എ. പറഞ്ഞു.