തൃശൂർ: കോർപറേഷനും കരാറുകാരനുമായുള്ള വ്യവസ്ഥപ്രകാരം ഈ മാസം അവസാനം പൂർത്തീകരിക്കണമെന്നിരിക്കെ, നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാനുള്ള ദിവാൻജിമൂല മേൽപ്പാലം നിർമ്മാണം മുടന്തിനീങ്ങുന്നു.

ഒക്ടോബറിൽ പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും. റെയിൽവേക്ക് മുകളിൽ മേൽപ്പാലം നിർമ്മിച്ചെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണമാണ് ഇഴയുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി നിർമ്മിക്കുന്ന റോഡ് ഉയർത്തുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.
ഇതിനും വേണ്ടത്ര വേഗമില്ല.

കൂടുതൽ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ പ്രധാനമായും രാത്രികാലങ്ങളിലാണ് നിർമ്മാണം നടക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയായാൽ മാത്രമേ മറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാനാകൂ. പാലത്തിന് മുകളിൽ നടപ്പാത, കൈവരികളുടെ നിർമ്മാണം, പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കൽ എന്നിവയും പൂർത്തിയാകാനുണ്ട്. കോർപറേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം നടക്കുന്നത്.

വ്യവസ്ഥകൾ ലംഘിച്ചെന്ന് ആക്ഷേപം

മേൽപ്പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 12 മീറ്ററിലധികം ഉയരത്തിൽ മണ്ണിട്ട് നിരത്തി വേണം അപ്രോച്ച് റോഡ് നിർമ്മിക്കാൻ.
നല്ല ചുവന്ന മണ്ണ് ഇട്ടുവേണം റോഡ് ഉയർത്തണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ ഓരോ 20 സെന്റിമീറ്റർ മണ്ണടിച്ചു കഴിഞ്ഞാൽ റോഡ് റോളർ ഉപയോഗിച്ച് റോൾ ചെയ്തു നിലം ഉറപ്പിച്ച് വേണം അടുത്ത 20 സെന്റിമീറ്റർ മണ്ണ് തട്ടാൻ. മാത്രമല്ല, നിലവിൽ സ്ഥലത്തുണ്ടായിരുന്ന മണ്ണും പാറകളും മറ്റ് മാലിന്യവും നീക്കം ചെയ്ത ശേഷമേ നല്ല മണ്ണ് തട്ടി റോഡ് നിർമ്മാണം തുടങ്ങാവൂ എന്നാണ് കരാർ വ്യവസ്ഥയെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും പറയുന്നു.

റോഡ് നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും അനുവദിച്ച തുക:14 കോടി

പടിഞ്ഞാറെ ഭാഗത്തെ റോഡ് നിർമ്മാണ കരാർ: 8.5 കോടി


നടപടിയെടുക്കും
അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയം ഈ മാസം അവസാനമാണ്. നിർമ്മാണ പ്രവർത്തനത്തിന് കൂടുതൽ ആളുകളെ നിയോഗിച്ച് പ്രവർത്തനം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം പിഴ ഈടാക്കും.

- അജിത വിജയൻ, മേയർ, തൃശൂർ കോർപറേഷൻ