തൃശൂർ: കലിക്കറ്റ് സർവകാലശാല ഇന്റസോൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ തൃശൂർ സെന്റ് തോമസ് കോളേജും സെന്റ് മേരീസ് കോളേജും ജേതാക്കൾ. തൃശൂർ അക്വാറ്റിക്കിൽ നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 135 പോയന്റ് കരസ്ഥമാക്കിയാണ് സെന്റ് തോമസ് കിരീടം ചൂടിയത്. 69 പോയന്റോടെ തൃശൂർ കേരളവർമ്മ കോളേജ് രണ്ടാം സ്ഥാനവും ഒമ്പത് പോയന്റ് നേടി ചിറ്റൂർ ഗവ.കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് മറ്റ് ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. സെന്റ് മേരീസ് 145 പോയന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനം നേടിയ ചിറ്റൂർ ഗവ. കോളേജിന് 37 പോയന്റ് മാത്രമാണ് നേടാൻ സാധിച്ചത്. മൂന്നാം സ്ഥാനം നേടിയ വിമല കോളേജിന് 14 പോയന്റുകൾ ലഭിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് തോമസ് കോളേജിലെ കിരണും പെൺകുട്ടികളുടെ വിഭാഗത്തിൽ ഡയാന കെ. ജോബും വ്യക്തഗത ചാമ്പ്യൻമാരായി.
അഞ്ച് ഒന്നാം സ്ഥനവും ഒരു രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും അടക്കം 30 പോയന്റ് നേടിയാണ് കിരൺ വ്യക്തിഗത ചാമ്പ്യനായത്. 35 പോയന്റ് നേടിയ ഡയാന ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ ഡോ. ജയമോഹൻ ട്രോഫികൾ നൽകി. ആൺകുട്ടികളുടെ വിഭാഗത്തിൽ 70 പേരും പെൺകുട്ടികളുടെ വിഭാഗത്തിൽ അമ്പത് പേരും രണ്ട് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.