thayannankudy

തൃശൂർ: മൂന്നാർ ചിന്നാർ വനമേഖലയിലെ ഗോത്രവർഗ സമൂഹമായ 'തായന്നൻകുടി'യും തൃശൂരിലെ രണ്ട് കർഷകരും, തനതു വിളകളെ സംരക്ഷിക്കുന്ന കർഷകർക്കും കർഷക സമൂഹങ്ങൾക്കുമുള്ള കേന്ദ്രസർക്കാരിന്റെ പ്ലാന്റ് ജീനോം സേവിയർ ദേശീയ പുരസ്‌കാരങ്ങൾക്ക് അർഹരായി.

പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പ്ലാന്റ് ജീനോം സേവിയർ കമ്യൂണിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട 'തായന്നൻകുടി'ക്ക് ലഭിക്കുക. ഇരിങ്ങാലക്കുട അവിട്ടത്തൂരിലെ പ്ളാവ് ജയൻ എന്ന കെ.ആർ. ജയന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമുള്ള പ്ലാന്റ് ജീനോം സേവിയർ കർഷക അംഗീകാരം ലഭിച്ചു. ചാലക്കുടി പോട്ടയിലെ പി.വി. ജോസിന് ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പ്ലാന്റ് ജീനോം സേവിയർ റിവാർഡാണ് ലഭിച്ചത്. പി.പി.വി ആൻഡ് എഫ്.ആർ അതോറിട്ടി നിശ്ചയിച്ച പുരസ്‌കാരങ്ങൾ 22ന് ഡൽഹിയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ നൽകും.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇവർ അവാർഡിനായി പരിഗണിക്കപ്പെട്ടത്.

'തായന്നൻകുടി'

42 കുടുംബങ്ങളിലായി നൂറോളം അംഗങ്ങൾ പരമ്പരാഗത വിത്തിനങ്ങളെയും തനതു ജനുസിലുള്ള വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുന്നു. നെല്ല്, റാഗി, ചോളം, തിന, ചാമ, ബീൻസ്, അമര, ചീര, തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ഇനങ്ങളെ സംരക്ഷിക്കുന്നു.

പ്ളാവ് ജയൻ

നിരവധി പ്ലാവിനങ്ങളെ സംരക്ഷിക്കുന്നു. ചക്ക ഉപയോഗം വർദ്ധിപ്പിക്കുന്നതിനും പ്ലാവിനങ്ങളുടെ സംരക്ഷണത്തിനും ചക്ക ഉത്സവങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്. കേരളത്തിന്റെ ഔദ്യോഗികഫലമായ ചക്കയുടെ പ്രശസ്തി ദേശീയ തലത്തിലെത്തിച്ചു.

പി.വി. ജോസ്

50 വർഷമായി എട്ടേക്കറോളം കൃഷിയിടത്തിൽ വിവിധ ജാതിയിനങ്ങളും മാങ്ങ, വാഴ, റംബൂട്ടാൻ, പുലാസൻ, മാംഗോസ്റ്റീൻ, സീതപ്പഴം എന്നീ ഇനങ്ങളെയും പി.വി. ജോസ് സംരക്ഷിക്കുന്നുണ്ട്. ജോസ് കണ്ടെത്തിയ അത്യുത്പാദന ശേഷിയുള്ള ജാതി ഇനം കാർഷിക സർവകലാശാല അംഗീകരിച്ച് 'കെ.എ.യു പുല്ലൻ' എന്ന പേരിൽ പുറത്തിറക്കിയിരുന്നു.