തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽ റഫറണ്ടം നടത്തേണ്ട കാലാവധി തീർന്നിട്ട് ഒരു കൊല്ലം തികയുന്നു. 2018 നവംബർ എട്ടിന് കാലാവധി തീർന്നെങ്കിലും റഫറണ്ടത്തിന് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. 2013 നവംബർ ഒമ്പതിനാണ് മുമ്പ് റഫറണ്ടം നടന്നത്. അഞ്ച് വർഷമാണ് കാലാവധി. കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന കൊച്ചിൻ ദേവസ്വം എംപ്ലോയീസ് കോൺഗ്രസിനായിരുന്നു വിജയം.
ആകെ പോൾ ചെയ്ത 1615 വോട്ടിൽ 719 വോട്ടുകൾ കോൺഗ്രസ് അനുകൂല സംഘടനയ്ക്ക് ലഭിച്ചപ്പോൾ സി.ഐ.ടി.യു നേതൃത്വം നൽകുന്ന കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷന് 634 വോട്ടുകളാണ് ലഭിച്ചത്. ബി.എം.എസ് നേതൃത്വം നൽകുന്ന കൊച്ചിൻ ദേവസ്വം കാർമിക് സംഘിന് 201 വോട്ടും എ.ഐ.ടി.യു.സിയുടെ സംഘടനയായ കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന് 45 വോട്ടും ലഭിച്ചു. എന്നാൽ കാലാവധി തീർന്നിട്ടും റഫറണ്ടം നടത്താത്തിൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ദേവസ്വം ജീവനക്കാരുടെ ഇടതുപക്ഷ സംഘടനയിലെ ചേരിപ്പോരാണ് റഫറണ്ടം നീട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് പറയുന്നത്. യൂണിയന്റെ കഴിഞ്ഞ സമ്മേളത്തിൽ പ്രമുഖരായ പലരെയും മാറ്റി മറ്റ് ചിലരെ രംഗത്ത് കൊണ്ടുവന്നിരുന്നു. ഇത് യൂണിയൻ അംഗങ്ങൾക്കിടയിൽ അസ്വാരസ്യം ഉയർത്തിയിട്ടുണ്ട്.
ഇതിനു പുറമേ ഡോ. എം.കെ. സുദർശൻ പ്രസിഡന്റായിരുന്ന കാലത്ത് യൂണിയൻ നേതാക്കളുടെ ഒരാവശ്യവും അംഗീകരിച്ചിരുന്നില്ലെന്നും സ്ഥലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അംഗങ്ങളുടെ താത്പര്യം സംരക്ഷിക്കാനും സാധിച്ചിരുന്നില്ല. അതിനാൽ റഫറണ്ടം നടത്തുകയാണെങ്കിൽ തിരിച്ചടി നേരിടാനുള്ള സാഹചര്യവും ഉള്ളതായും പറയപ്പെടുന്നു. റഫറണ്ടം ഉടൻ നടത്തണമെന്ന് മറ്റ് സംഘടനകൾ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉണ്ട്. രണ്ടായിരത്തോളം സ്ഥിരം ജീവനക്കാരാണ് കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കഴകം ഉൾപ്പെടെയുള്ള തസ്തികകളിൽ അമ്പതോളം പേരെ നിയമിച്ചിരുന്നു.