തൃശൂർ: സിമന്റ് പ്രൊഡക്ട്‌സ് ഓണേഴ്‌സ് സമിതി ജില്ലാ സമ്മേളനം ഞായറാഴ്ച 9.30ന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗങ്ങളെ ആദരിക്കും. അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സിമന്റ് ഉത്പന്നങ്ങൾക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ അടിക്കടിയുള്ള വിലവർദ്ധന വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നെന്ന് സമിതി ജില്ലാ പ്രസിഡന്റ് പി.ടി. ഡേവിഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. അസംസ്‌കൃത വസ്തുക്കൾക്ക് ക്വാറി ഉടമകൾ വില വർധിപ്പിച്ചതിനെതുടർന്ന് സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. 5,000 പേർ ഒപ്പിട്ട നിവേദനം സർക്കാരിന് ഉടൻ നൽകാൻ തീരുമാനിച്ചു. പുഴമണൽ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ജോയ് പ്ലാശ്ശേരി, സമിതി സെക്രട്ടറി ഷിന്റോ റാഫേൽ, ട്രഷറർ മുരളി ഇത്തിപ്പറമ്പിൽ, സീനിയർ വൈസ് പ്രസിഡന്റ് വിപിൻ തടത്തിൽ എന്നിവർ പങ്കെടുത്തു.