തൃശൂർ: എക്‌സൽ അത്‌ലറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 20ന് തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ ഓൾ കേരള ഓപ്പൺ കിഡ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കും. ഒമ്പത് മണിക്ക് കായികതാരം പി.ടി. ഉഷ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കേരള, ജില്ലാ അത്‌ലറ്റിക് അസോസിയേഷനുകളുടെ സഹകരണത്തോടെ നടക്കുന്ന മത്സരത്തിൽ നാലുപേരടങ്ങുന്ന ടീമുകളുണ്ടാകുമെന്നും പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് മെഡലുകൾ നൽകുകയെന്നും ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വ്യക്തിഗത മത്സരങ്ങളുണ്ടാകില്ല. ആറുമുതൽ 12 വയസ് വരെയുള്ള കുട്ടികളാണ് മത്സരത്തിനിറങ്ങുക. വയസ്സിന്റെ അടിസ്ഥാനത്തിൽ മൂന്നുവിഭാഗങ്ങളിലാണ് മത്സരങ്ങൾ. 1000 പേർ മത്സരങ്ങളിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഒളിമ്പ്യൻ പി. രാമചന്ദ്രൻ, അത്‌ലറ്റിക് ക്ലബ് ട്രഷറർ സീഗ്ലർ പീയൂസ്, സി. നിമേഷ് തുടങ്ങിയവരും പങ്കെടുത്തു.