തൃശുർ: തൃശൂർ താലൂക്ക് ഗോഡൗണിൽ വീണ്ടും പുഴുവരിച്ച ഗോതമ്പ് വിതരണത്തിന് എത്തി. ഒക്ടോബറിലെ വിതരണത്തിന് മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗണിൽ നിന്നും കുരിയച്ചിറ വെയർഹൗസ് ഗോഡൗണിൽ എത്തിയ അഞ്ചു ലോഡ് ഗോതമ്പാണ് പുഴുവരിച്ച നിലയിലുള്ളത്. പുഴുവരിച്ചതും ചെള്ള് നിറഞ്ഞതും തീർത്തും ഉപയോഗ്യമല്ലാത്തതുമായ ഗോതമ്പ് ലോഡുകൾ വ്യാഴാഴ്ചയാണ് എത്തിയത്. ഗോതമ്പിന്റെ ഗുണനിലവാരം മോശമായതിനാൽ ചുമട്ട് തൊഴിലാളികളുടെ എതിർപ്പ് മൂലം കരിയച്ചിറയിൽ ഒരു ലോഡ് മാത്രമേ ഇറക്കാനായുള്ളു. ബാക്കി നാലു ലോഡും വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി. വടക്കാഞ്ചേരി ഗോഡൗണിൽ ഇറക്കി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തൃശൂരിൽ ഇറക്കി വച്ചിട്ടുള്ള ഗോതമ്പ് തീർത്തും ഭക്ഷ്യയോഗ്യമല്ലാത്തതാണെന്ന് ഗോഡൗൺ ജീവനക്കാർ പറയുന്നു.
കുരിയച്ചിറ ഗോഡൗണിലേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത റേഷൻ വസ്തുക്കൾ എത്തുന്നത് നിത്യസംഭവമായി മാറുകയാണ്. നേരത്തെ മട്ടയിൽ മായം കലർത്തിയ നിലയിൽ മില്ലുകളിൽ നിന്നും കൊണ്ടുവന്ന അരി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ വിവധയിനം നെല്ലുകൾ കലർന്നതിനാലാണ് ഇത് സംഭവിച്ചെതന്ന് പാഡി ഓഫീസറുടെ സാക്ഷ്യപ്പടുത്തലും ഭക്ഷ്യയോഗ്യമല്ലെന്നുള്ള ഗോഡൗണിലെ ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ടും തമ്മിലെ വൈരുദ്ധ്യം ഇപ്പോഴും പ്രശ്‌നമായി തുടരുകയാണ്.
അതിനിടെ കഴിഞ്ഞമാസം ഗോഡൗണിൽ നിന്നും റേഷൻ കടകളിലേക്ക് നൽകിയ മോശമായ അരിയും ഗോതമ്പും റേഷൻകടക്കാർ സ്വീകരിക്കാൻ വിസമ്മതിച്ചതോടെ മാറ്റി കൊടുക്കേണ്ടിയും വന്നു.