തൃശൂർ: റേഷൻ കടകളിൽ നിന്ന് ബിൽ നിർബന്ധമായി വാങ്ങണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. വാങ്ങിയ സാധനങ്ങളുടെ വിവരം, വാങ്ങാൻ ബാക്കിയുള്ളത്, വില എന്നിവ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യക്തമാക്കി. 'ഭക്ഷ്യപൊതുവിതരണ രംഗത്ത് നല്ല മാറ്റങ്ങളുടെ സുവർണകാലം' എന്ന വിഷയത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് തൃശൂർ പ്രസ്‌ ക്ലബ് ഹാളിൽ നടത്തിയ മാദ്ധ്യമ ശിൽപ്പശാലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരമാവധി വിവരങ്ങൾ ഓൺലൈനിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. epos.gov.in വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതി.
ചാലക്കുടി താലൂക്ക് മുൻ സപ്ലൈ ഓഫീസർ ബെന്നി ഡേവിഡ് പ്ലാക്കൽ വിഷയാവതരണം നടത്തി. ജില്ലാ സപ്ലൈ ഓഫീസർ എം.വി. ശിവകാമി അമ്മാൾ, മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസർ എസ്. കമറുദ്ദീൻ, തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജോസി ജോസഫ്, ഐ ആൻഡ് പി.ആർ.ഡി അസിസ്റ്റന്റ് എഡിറ്റർ പി.പി. വിനീഷ്, പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി എം.വി. വിനീത എന്നിവർ സംസാരിച്ചു.

 അറിയേണ്ട പ്രധാന കാര്യങ്ങൾ
1. റേഷൻ വിതരണം ഇപോസ് മെഷീനിലൂടെ ആധാർ അധിഷ്ഠിതമായി
2. ആധാർ റേഷൻ കാർഡുമായി ചേർത്തില്ലെന്ന കാരണം കൊണ്ട് റേഷൻ നിഷേധിക്കില്ല
3. മൊബൈൽ ഫോൺ ഒ.ടി.പി, ഓഫ്‌ളൈൻ സംവിധാനങ്ങളിലൂടെ അർഹതപ്പെട്ട എല്ലാവർക്കും റേഷൻ വിഹിതം
4. ആധാർ അധിഷ്ഠിതമായി ഗുണഭോക്താവിനെ തിരിച്ചറിയുന്നതിനാൽ റേഷൻ വിഹിതത്തിൻെ വകമാറ്റം പൂർണമായും തടയാം.
5. റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പ്രോക്‌സി സമ്പ്രദായം.
6. റേഷൻ കടകളിൽ എത്താൻ കഴിയാത്ത അവശരായവർക്ക് ആ റേഷൻ കടയുടെ പരിധിയിൽ വരുന്ന, റേഷൻ വ്യാപാരിയുമായി ബന്ധമില്ലാത്ത ഒരാളെ പകരക്കാരനായി നിയോഗിക്കാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസിലോ സിറ്റി റേഷനിംഗ് ഓഫീസിലോ അപേക്ഷ നൽകാം.
7 ഉദ്യോഗസ്ഥർ, വ്യാപാരികൾ തുടങ്ങിയവരുടെ പിഴവുകൾ മുഖേനയോ പൊതുവിതരണ സംവിധാനത്തിലെ മറ്റേതെങ്കിലും വീഴ്ച കൊണ്ടോ മറ്റോ ഗുണഭോക്താവിന് ഭക്ഷ്യവിഭവം ലഭിക്കാതെ വന്നാൽ ആ വ്യക്തിക്ക് ഭക്ഷ്യഭദ്രതാ ബത്തയ്ക്ക് അവസരം
8. അതത് പ്രദേശത്തെ റേഷനിംഗ് ഇൻസ്‌പെക്ടറാണ് ഭക്ഷ്യഭദ്രതാ സംവിധാനത്തിന്റെ നോഡൽ ഓഫീസർ. അനുവദിക്കപ്പെട്ട ഭക്ഷ്യധാന്യ വിഹിതത്തിന് ആനുപാതികമായ തുകയായിരിക്കും ബത്തയായി ലഭിക്കുക.