കുന്നംകുളം: മോഷണം പോയ പശുവിനെ രണ്ടു കിലോമീറ്റർ അകലെ അറുത്ത നിലയിൽ കണ്ടെത്തി. പഴുന്നാനയിൽ കരിമ്പനക്കൽ മനോജിന്റെ പശുവിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. മൂന്ന് പശുക്കളും അവയുടെ കുട്ടികളുമാണ് തൊഴുത്തിൽ ഉണ്ടായിരുന്നത്. കറക്കാനായി മനോജ് തൊഴുത്തിലെത്തിയപ്പോഴാണ് ഇതിലെ കറവയുള്ള ഒരു പശുവിനെ കാണാനില്ലെന്ന് അറിഞ്ഞത്. കയറഴിഞ്ഞു പോയതാകും എന്ന് കരുതി മണിക്കൂറുകളോളം അന്വേഷിച്ചെങ്കിലും പശുവിനെ കണ്ടെത്തിയില്ല. എന്നാൽ ഉച്ചയോടെ പഴുന്നാനയിൽ നിന്നും രണ്ടു കിലോ മീറ്റർ അകലെ പാടത്ത് പശുവിന്റെ അകിടും രക്ത കറയും ചാണക മടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു.
മനോജിന്റെ തൊഴുത്തിന് പിൻവശത്തുള്ള പാടത്തു കൂടെയാണ് പശുവിനെ കടത്തിയതെന്ന് സംശയിക്കുന്നു. രണ്ടുമാസം മുൻപ് പ്രസവിച്ച ഈ പശുവിനെ അടുത്തിടെയാണ് മനോജ് വാങ്ങിയത്. പശുക്കളെകൊണ്ടുള്ള ആദായം മാത്രമാണ് മനോജിന് വരുമാനമായിട്ടുള്ളത്. പശുവിനെ നഷ്ടപ്പെട്ടതോടെ ഈ കുടുംബം തീർത്തും ദുരിതത്തിലായിരിക്കുകയാണ്. മനോജ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ കുന്നംകുളം പൊലീസ് അവശിഷ്ടങ്ങൾ കിടക്കുന്നിടത്തു നിന്നും തെളിവുകൾ ശേഖരിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.