കൊടുങ്ങല്ലൂർ: നഗരത്തിലെ വടക്കെ നടയിലെ പാർക്കിംഗ് നിരോധനം സംബന്ധിച്ചുണ്ടായ ആക്ഷേപം പരിഹരിക്കുവാൻ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ വിളിച്ച യോഗം ഫലപ്രദം. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ, മർച്ചന്റ്‌സ് അസോസിയേഷൻ നേതാക്കൾ, വിവിധ കക്ഷി നേതാക്കൾ, സന്നദ്ധ സംഘടനകളുടെയും, വടക്കെ നടയിലെ കച്ചവടക്കാരുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പാർക്കിംഗ് നിരോധനത്തിൽ ചെറിയൊരു ഇളവ് നൽകാനും അതുപ്രകാരം പി.വി. ബിൽഡിംഗിന് മുൻപിൽ ഒരു വരി ടൂ വീലർ പാർക്കിംഗ് അനുവദിക്കാനും ധാരണയായി. മറ്റ് വാഹനങ്ങളുടെ പാർക്കിംഗ് ഇവിടെ അനുവദിക്കില്ല. തപസ്യയുടെ മുൻപിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് മാത്രം ടൂ വീലർ വയ്ക്കാം. റോഡിലേക്ക് വച്ചാൽ പിഴ ഈടാക്കും. ഇതിന് കച്ചവടക്കാർ തന്നെ സെക്യൂരിറ്റിയെ നിയോഗിക്കണം. എസ്.ബി.ഐ ജംഗ്ഷനിൽ നിന്ന് കോടതി വളവ് വഴി വടക്കോട്ട് പി.വി. ബിൽഡിംഗ്സ് വരെയാണ് വാഹനങ്ങളുടെ പാർക്കിംഗ് നിരോധനം നടപ്പിലാക്കിയത്.

പടിഞ്ഞാറ് ഭാഗത്ത് ഗേൾസ് ഹൈസ്‌കൂളിന് മുൻവശത്തും നിരോധനം നടപ്പിലാക്കിയിരുന്നു. നിലവിൽ പാർക്കിംഗ് ഉള്ള കെട്ടിടങ്ങളിലെ സ്ഥലം പാർക്കിംഗിന് തന്നെ ഉപയോഗിക്കണം. റോഡിൽ വർക്ക്‌ഷോപ്പ് നടത്തുന്നതും മറ്റും കർശനമായി നിരോധിക്കും. തീരുമാനം ഉടനെ നിലവിൽ വരും.