memu-

തൃശൂർ: പാസഞ്ചർ ട്രെയിനുകളെല്ലാം ഒന്നോ രണ്ടോ വർഷത്തിനകം സ്ഥലസൗകര്യവും സാങ്കേതിക സൗകര്യങ്ങളും വേഗതയുമുള്ള അത്യാധുനിക ത്രീ ഫേസ് മെമു ആകും. പാലക്കാട് – എറണാകുളം പാതയിൽ കഴിഞ്ഞ ദിവസം ത്രീ ഫേസ് മെമു ഓടിച്ചതോടെ ഹ്രസ്വദൂര യാത്രക്കാരുടെ നിരന്തരമായ ആവശ്യങ്ങളിൽ റെയിൽവേ പച്ചക്കൊടി കാണിച്ചു. ഹ്രസ്വദൂരത്തേക്ക് സുഗമമായി യാത്ര ചെയ്യാവുന്ന പുത്തൻ മെമുവിൽ പഴയ മെമുവിനേക്കാൾ സൗകര്യങ്ങളുണ്ട്.

കൂടുതൽ ഊർജക്ഷമതയുള്ളതിനാൽ വേഗതയും കൂടും. യാത്രക്കാർക്ക് എമർജൻസി സ്റ്റോപ്പ് ബട്ടൺ, സുഖകരമായ യാത്രയ്ക്ക് എയർ സസ്‌പെൻഷൻ സംവിധാനം, ലോക്കോ പൈലറ്റിന്റെയും ഗാർഡിന്റെയും എയർ കണ്ടീഷൻഡ് മുറികൾ, വലിയ ജനാലകൾ, സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച കോച്ചിന്റെ ബോഡി... അങ്ങനെ സവിശേഷതകൾ നിരവധി. മുമ്പ് ഡി.സിയിലായിരുന്നു ട്രെയിനുകൾ ഓടിയിരുന്നത്. പിന്നീട് ത്രീ ഫേസ് ആക്കുകയായിരുന്നു. കൊല്ലം – എറണാകുളം പാതയിലായിരുന്നു പുത്തൻ മെമു ഓടിയത്. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സെമി ഹൈസ്പീഡ് എൻജിനില്ലാ ട്രെയിൻ 'വന്ദേ ഭാരത് എക്‌സ്പ്രസ്' കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാസഞ്ചറുകൾക്ക് പകരം അത്യാധുനിക മെമുവും പാളത്തിലിറക്കിയത്. പുത്തൻ മെമു വരുന്നതോടെ ദീർഘദൂര ട്രെയിനുകളിലെ തിരക്കിനും ശമനമുണ്ടാകും.

.......

മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു)

സൗകര്യങ്ങളേറെ
എട്ടു കാറുകളുള്ള റേക്കിൽ ഉൾക്കൊള്ളുന്നത് 2402 യാത്രക്കാർ

ഇരുന്ന് യാത്ര ചെയ്യാവുന്നത് 600 ഓളം പേർക്ക്

മെമുവിലെ വനിതാ കാറുകളിൽ സുരക്ഷയ്ക്കായി സി.സി.ടി.വി

ഭാരം കുറഞ്ഞ തെന്നിനീങ്ങുന്ന വാതിലുകൾ

ജി.പി.എസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം

കുഷ്യൻ സീറ്റുകൾ, ജൈവ ശുചിമുറികൾ, എൽ.ഇ.ഡി ലൈറ്റുകൾ.

അത്യാധുനിക ബ്രേക്കിംഗ് കാരണം 35% കൂടുതൽ ഇന്ധനക്ഷമത.

'' തൃശൂർ സ്റ്റേഷൻ വഴി 14 പാസഞ്ചറുകൾ സർവീസ് നടത്തുന്നുണ്ട്. ഇനി അതെല്ലാം ഘട്ടം ഘട്ടമായി ത്രീ ഫേസ് മെമുവാകും. പഴയ മെമു ഇനി ഉണ്ടാകില്ല. ''

- കെ.ആർ ജയകുമാർ, സ്റ്റേഷൻ മാനേജർ, തൃശൂർ.

.................

'' മെമു വരുന്നതോടെ യാത്രക്കാരുടെ പരാതികൾക്ക് വലിയ പരിഹാരമാകും. എല്ലാ പാസഞ്ചറുകളും പെട്ടെന്ന് തന്നെ മാറ്റി മെമു ആക്കണം. ''

- പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ.